മുഖ്യമന്ത്രിയുടെ വകുപ്പിലും പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി; പൊതുഭരണവകുപ്പില്‍ പിന്‍വാതിലൂടെ നിയമിച്ചത് 300 ഓളം പേരെ

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊതുഭരണ വകുപ്പിലും പാർട്ടിക്കാരെ തിരുകിക്കയറ്റി. 300 ഓളം പിന്‍വാതില്‍ നിയമനങ്ങളാണ് പൊതുഭരണവകുപ്പിന് കീഴില്‍ നടന്നത്. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് പാര്‍ട്ടിക്കാരായ 300 ഓളം പേരെ നിയമിച്ചത്. ഡ്രൈവര്‍, സ്വീപ്പര്‍, ക്ലീനര്‍, ടെലിഫോണ്‍ ക്ലീനര്‍, സാനിറ്റേഷന്‍ വര്‍ക്കേഴ്‌സ്, ലിഫ്റ്റ് ഓപ്പറേറ്റേഴ്‌സ്, സെക്യൂരിറ്റി ഗാര്‍ഡ്, ട്രാഫിക്ക് വാര്‍ഡന്‍, ഗാര്‍ഡനേഴ്‌സ്, സ്റ്റോര്‍ അറ്റന്‍ഡന്‍റ് എന്നീ തസ്തികകളിലാണ് പാര്‍ട്ടിക്കാരെ പിന്‍വാതിലൂടെ തിരുകിക്കയറ്റിയത്.

പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് സെല്‍ വഴിയാണ് പാര്‍ട്ടിക്കാരെ നിയമിക്കുന്നത്. ഹൗസ് കീപ്പിംഗ് സെല്ലിലെ അഡീഷണല്‍ സെക്രട്ടറി പി. ഹണിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.  സെക്രട്ടേറിയറ്റിലെ ഭരണ സംഘടനയുടെ പ്രസിഡന്‍റ് കൂടിയാണ് ഹണി. ഒരു വീട്ടില്‍നിന്ന് രണ്ട് പേര്‍ക്കും നിയമനം കൊടുത്തിട്ടുണ്ട്. പാര്‍ട്ടിക്കാരനായ ട്രാഫിക്ക് വാര്‍ഡന്‍റെ മകള്‍ക്ക് അടുത്തിടെയാണ് ലിഫ്റ്റ് ഓപ്പറേറ്റായി നിയമനം നല്‍കിയത്. 650 രൂപ മുതല്‍ 750 രൂപ വരെയാണ് ഇവരുടെ ദിവസ വേതനം.

37 ലക്ഷത്തോളം പേർ തൊഴില്‍ തേടി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് അവരെ അവഗണിച്ച് പാര്‍ട്ടിക്കാര്‍ക്ക് കൂട്ടത്തോടെ നിയമനം നല്‍കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെയും നിയമ മന്ത്രി പി രാജീവിന്‍റെയും വകുപ്പുകളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയിരുന്നു. 2021 – 22 ല്‍ മാത്രം പിന്‍വാതില്‍ കൂടി കയറിയ പാര്‍ട്ടിക്കാര്‍ക്ക് ശമ്പളം കൊടുത്തത് 2.36 കോടി രൂപയാണ്. 2.83 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇവര്‍ക്ക് ശമ്പളം നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Comments (0)
Add Comment