സി-ഡിറ്റിലെ പിൻവാതിൽ നിയമനത്തിനെതിരെ സി.ഡിറ്റിലെ ഇടതുസംഘടന; സമരത്തിന് പിന്തുണ നൽകി സി.പി.എമ്മിലെ ഒരു വിഭാഗം

B.S. Shiju
Thursday, January 24, 2019


പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിലെ പിൻവാതിൽ നിയമനത്തിനെതിരെ പ്രക്ഷോഭത്തിന് സി.ഡിറ്റിലെ ഇടതു സംഘടനയായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്ത്. ഇതു സംബന്ധിച്ച വാർത്ത ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ടതിനെ തുടർന്നാണ് ഇടതുസംഘടന തന്നെ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
2019 ജനുവരി ഏഴിന് പുറത്തിറങ്ങിയിട്ടുള്ള വിജ്ഞാപനത്തിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് പ്രക്ഷോഭത്തിന് പിന്നിൽ. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 28 ന് രാവിലെ പത്തു മുതൽ സി-ഡിറ്റ് സിറ്റി സെന്‍ററിന് മുന്നിലാണ് ഉപരോധം സംഘടിപ്പിച്ചിട്ടുള്ളത്. സി.പി.എമ്മിന്‍റെ തൊഴിലാളി സംഘടനയായ സി.ഐ.ടി യുവിന്‍റെ സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടിയാണ് ഉപരോധസമരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നിലവിൽ പുറത്തിറങ്ങിയിട്ടുള്ള വിജ്ഞാപനം അശാസ്ത്രീയവും സ്ഥാപനത്തിന്‍റെ ഇന്നത്തെ സാമ്പത്തികാവസ്ഥയ്ക്ക് ചേർന്നതുമല്ലെന്നും സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ഏറെ വർഷങ്ങളായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയ ശേഷം മാത്രമേ പുറത്തുനിന്നുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താനാവുയെന്ന നിർദേശം അവഗണിച്ച് പുറത്തിറക്കിയ വിജ്ഞാപനം ന്യായീകരിക്കാനാവില്ലെന്നും അസോസിയേഷൻ പറയുന്നു. രണ്ട് മാസം മുമ്പ് ഇത്തരത്തിൽ പുറത്തിറങ്ങിയ വിജ്ഞാപനം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള വിജ്ഞാപന പ്രകാരം 10 തസ്തികകളിൽ നിയമനം നടത്താനായിരുന്നു നീക്കം.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ച വനിതാ നേതാവിന്‍റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുള്ളവരെയാണ് ഇത്തരത്തിൽ നിയമിക്കാൻ ആലോചന നടന്നതെന്നും അത് നടപ്പാക്കുന്നതിന്‍റെ ഭാഗമായി വേഗത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയുമായിന്നു എന്ന ആരോപണവും നിലനിൽക്കുകയാണ്. സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണയോടെ നടത്തിയ നീക്കത്തിനെതിരെ ഇടതു ജീവനക്കാർ തന്നെ രംഗത്ത് വന്നതോടെ വിജ്ഞാപനം സി.പി.എമ്മിനും സി.ഡിറ്റിന്‍റെ ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയനും തലവേദനയായിട്ടുണ്ട്.

സി-ഡിറ്റിലെ അനധികൃത നിയമനങ്ങൾക്ക് പിന്നിൽ സിഅരോപണമുയർന്നു കഴിഞ്ഞു. ഒരു ഭാഗത്ത് സി-ഡിറ്റിലെ അനധികൃത നിയമനത്തിനെതിരെ ശബ്ദമുയരുമ്പോഴും സി-ഡിറ്റിലെ ചില ജീവനക്കാരെ പി.ആർ.ഡിയിൽ സ്ഥിരപ്പെടുത്തിയ നടപടി പുന:പരിശോധിക്കാൻ സർക്കാർ തയാറായിട്ടില്ല.

സി-ഡിറ്റിലെ അനധികൃത നിയമനങ്ങളെക്കുറിച്ച് ജയ്ഹിന്ദ് മുമ്പ് നല്‍കിയ വാര്‍ത്ത വായിക്കാം താഴെ:

സി-ഡിറ്റിലെ കള്ളക്കളികൾ – 3 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്