സി-ഡിറ്റിലെ കള്ളക്കളികൾ – 2 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്

B.S. Shiju
Friday, January 18, 2019

സി.എം.ഡി.ആർ.എഫിനും സി.എം.ഒ പോർട്ടലിനും പുറമേ സി-ഡിറ്റിന് പുറത്തേക്ക് ഒഴുകുന്നത് നിരവധി സൈറ്റുകൾ. സി-ഡിറ്റിനെ തകർക്കാൻ ഉന്നതതല ഗൂഢാലോചനയെന്നും ആരോപണം.

നിർണായക വിവരങ്ങളടങ്ങുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെയും പൊതുജന പരാതി പരിഹാര സെല്ലിന്‍റെയും പോർട്ടലുകളായ സി.എം.ഡി.ആർ.എഫിനും സി.എം.ഒയ്ക്കും പുറമേ നിരവധി സൈറ്റുകളാണ് സി-ഡിറ്റിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ നീക്കം നടത്തുന്നത്. കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ, കേരള സർക്കാർ പദ്ധതിയായ ഓൺലൈൻ ടാക്സി, വിവിധ വകുപ്പുകളിലെ ഫയലിൽ ഉദ്യോഗസ്ഥരുടെ ആശയവിനിമയം ഡിജിറ്റലൈസ് ചെയ്യുന്നതിനായി രൂപീകരിക്കുന്ന കേരള കമ്യൂണിക്കേഷൻ സർവീസിന്‍റെ വെബ്സൈറ്റ് എന്നിവയാണ് സി-ഡിറ്റിൽ നിന്നും മാറ്റി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കം സജീവമാക്കിയിട്ടുള്ളത്. സൈറ്റുകളുടെ പ്രവർത്തന നിർവഹണ ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുക വഴി നിലവിൽ സി-ഡിറ്റിന് ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടാവുക. ഇതോടെ സി-ഡിറ്റിൽ കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകുമെന്നും ജീവനക്കാർ ഭയക്കുന്നു.

കെ.എസ്.എഫ്.ഇ സൈറ്റിന്‍റെ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനിയായ ഓസ്പിന് നൽകാനുള്ള ശ്രമങ്ങളാണ് ഊർജിതമാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി കെ.എസ്.എഫ്ഇയുടെ പുതിയ ലോഗോ ഓസ്പിനാണ് നിർമിച്ച് നൽകിയത്. സ്വകാര്യ കമ്പനിയായ ഓസ്പിന്‍റെ ലോഗോയോട് സാമ്യമുള്ള ലോഗോയാണ് ഇപ്പോൾ കെ.എസ്.എഫ്.ഇ ഉപയോഗിക്കുന്നത്. ലോഗോ നിർമാണം, പുറത്തിറക്കൽ ചടങ്ങ് എന്നിവയ്ക്കായി ഒരു കോടി രൂപയോളം ചെലവഴിച്ചെന്നും ആരോപണമുണ്ട്. തൊഴിൽ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ രൂപം കൊള്ളുന്ന കേരള സർക്കാരിന്‍റെ ഓൺലൈൻ ടാക്സി സംവിധാനത്തിന്‍റെ വെബ്സൈറ്റ് നിർമാണ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏല്‍പിക്കാന്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാന ആസൂത്രണ വകുപ്പ് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതി ഊരാളുങ്കൽ സൊസൈറ്റി നൽകിയ പദ്ധതി രേഖ അംഗീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ നോക്കുകുത്തിയാക്കിയാണ് സി.പി.എം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് പദ്ധതി തീറെഴുതാന്‍ നീക്കം നടക്കുന്നത്.

2012-ൽ മാത്രമാണ് ഉരാളുങ്കൽ സൊസൈറ്റി സൈബർ രംഗത്തേക്ക് വന്നിട്ടുള്ളത്. എന്നാൽ ദീർഘകാലമായി രംഗത്തുള്ള സി-ഡിറ്റിനെ ഒഴിവാക്കിയത് രാഷ്ട്രീയ താൽപര്യം കൂടി മുൻനിർത്തിയാണെന്നതും വസ്തുതയാണ്. പൊതുമരാമത്ത് വകുപ്പിലെ വൻ തുകയുടെ കരാറുകൾ സി.പി.എമ്മിന് ബന്ധമുള്ള ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപിച്ചതിന് എതിരെ 2018ൽ പുറത്തുവന്ന സി.എ.ജി (കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിൽ രൂക്ഷവിമർശനം ഉൾപ്പെട്ടിരുന്നു. 809.93 കോടി രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയത്. ടെണ്ടർ ഇല്ലാതെ കരാർ നൽകിയത് വഴി ഊരാളുങ്കൽ സൊസൈറ്റിക്ക് അനർഹമായ ആനുകൂല്യം കിട്ടിയെന്നാണ് വിമർശനം. കരാറുകൾ നൽകിയതിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിമർശനം ഏറ്റുവാങ്ങിയ സ്ഥാപനത്തെ വീണ്ടും സൈറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതിലും ദുരൂഹതയുണ്ട്.

വിവിധ വകുപ്പുകുപ്പുകളിലെ ഫയലിൽ ഉദ്യോഗസ്ഥരുടെ ആശയവിനിമയം ഡിജിറ്റലൈസ് ചെയ്യുന്നതിനായി രൂപീകരിക്കുന്ന കേരള കമ്യൂണിക്കേഷൻ സർവീസിന്‍റെ വെബ്സൈറ്റ് ടെക്നോപാർക്കിലെ തന്നെ മറ്റൊരു സ്വകാര്യ കമ്പനിയെ ഏൽപിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്. ഇതിനു പുറമേ സി-ഡിറ്റ് നിലവിൽ ബിവറേജസ് കോർപറേഷന് വേണ്ടി ഉൽപാദിപ്പിക്കുന്ന ഹോളോഗ്രാം മുദ്രകൾ മുമ്പ് നൽകിയിരുന്ന സ്വകാര്യ സ്ഥാപനത്തിന് വിട്ടുനൽകാനുള്ള ആലോചനകളും ഊർജിതമായി നടക്കുകയാണ്. പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ ഒഴിവാക്കി ഇത്തരത്തിൽ നീക്കം നടത്തുന്നത് വഴി ചില ഉന്നത ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങള്‍ കമ്മീഷൻ ഇനത്തിൽ ലഭിക്കുന്നുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.