യൂണിവേഴ്‌സിറ്റി കോളേജിൽ ഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട അധ്യാപകന് പ്രൊഫസർ നിയമനം നൽകാൻ നീക്കം; ഉയർന്ന തസ്തികയിലേയ്ക്കുള്ള നിയമനം യോഗ്യതയുള്ളവരെ പിന്തള്ളി

Jaihind News Bureau
Monday, December 28, 2020

University-College

യൂണിവേഴ്‌സിറ്റി കോളേജിൽ ഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട അധ്യാപകന് പ്രൊഫസർ നിയമനം നൽകാൻ നീക്കം. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗം നിയമനം നൽകിയേക്കും. യോഗ്യതയുള്ള നിരവധി പേരെ പിന്തള്ളിയാണ് സർവകലാശാല തന്നെ ശിക്ഷ നടപടി സ്വീകരിച്ച അധ്യാപകനെ ഉയർന്ന തസ്തികയിൽ നിയമിക്കാൻ നീക്കം നടക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയാണെന്ന് സർവകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തുകയും തുടർന്ന് പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും ശിക്ഷണ നടപടിയുടെ ഭാഗമായി കോളേജിൽനിന്ന് സ്ഥലം മാറ്റുകയും ചെയ്ത യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ച അധ്യാപകനായ അബ്ദുൾ ലത്തീഫിനെ കേരള സർവകലാശാലയിൽ അറബിക് പ്രൊഫസറായി നിയമിക്കാൻ ഇന്നലെ ചേർന്ന സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രപതിയിൽനിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്‍റെ പുരസ്‌കാരം നേടിയ അപേക്ഷകർ ഉൾ പ്പെടെയുള്ളവരെ ഒഴിവാക്കിയാണ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാൻ തീരുമാനിച്ചത്. സെലക്ഷൻ കമ്മിറ്റിയുടെ ശുപാര്‍ശ നാളെ ചേരുന്ന സിണ്ടിക്കേറ്റ് യോഗം അംഗീകരിക്കും.

സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് എല്ലാ സർവകലാശാലകളിലെയും ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനം നടത്താനുള്ള സിപിഎം തീരുമാനത്തിന്‍റെ വെളിച്ചതിലാണ് തിരക്കിട്ട് ഇന്‍റർവ്യൂകൾ ആരംഭിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.

എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകുന്നതിനും പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നതിനും വിദ്യാർഥികളെ സഹായിച്ചതിന്റെ പേരിൽ സർവകലാശാലയുടെയും സർക്കാരിന്‍റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അധ്യാപകനെ സർവകലാശാലയുടെ തന്നെ പഠനവകുപ്പിൽ പ്രൊഫസറായി നിയമനം നൽകരുതെന്നും പ്രസ്തുത നടപടി പുനപ്പരിശോധിക്കാൻ കേരളാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

https://youtu.be/AKwdvXOsHQM