നിയമസഭാ തെരഞ്ഞെടുപ്പ് : കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Jaihind News Bureau
Saturday, January 9, 2021

Election-Commission-of-India

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇതനുസരിച്ച് വിശദമായ കര്‍മപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയാറാക്കി സംസ്ഥാനതല നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. ഓരോ മണ്ഡലങ്ങളിലും ബൂത്തുതലം വരെയും നോഡല്‍ ഓഫീസര്‍മാരുണ്ടാകണം. ഓരോ പോളിംഗ് ലൊക്കേഷനിലും നോഡല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കണമെന്നും നിര്‍ദേശിച്ചു.

കൊവിഡ് രോഗികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വന്ന് വോട്ട് ചെയ്യാനും തപാല്‍ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും. കൊവിഡ് രോഗികള്‍ക്ക് പുറമേ 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് തെരഞ്ഞെടുക്കാം. തപാല്‍ വോട്ടിന്റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.