പുതുവര്‍ഷാഘോഷം സംഘര്‍ഷമായി; എ.എസ്.ഐക്ക് വെട്ടേറ്റു

Jaihind Webdesk
Tuesday, January 1, 2019

കാസര്‍കോട്: പുതുവത്സര ദിനത്തിൽ റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്ക് വെട്ടേറ്റു; പോലീസ് ജീപ്പ് തകർത്തു; എട്ടംഗ സംഘത്തെ തിരയുന്നു, ഒരാൾ വലയിൽ

പുതുവത്സര ദിനത്തിൽ റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ ബേക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്ക് വെട്ടേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അക്രമികൾ പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു.ചൊവ്വാഴ്ച പുലർച്ചെ കളനാട് ജംഗ്ഷനിലാണ് സംഭവം. ബേക്കൽ സ്‌റ്റേഷനിലെ എ.എസ്.ഐ കരിവെള്ളൂരിലെ ജയരാജനാണ് (50) വെട്ടേറ്റത്. തലയ്ക്കും പുറത്തും ഗുരുതരമായി വെട്ടേറ്റ ജയരാജിനെ മംഗ്ലൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയുടെ എല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും .പോലീസ് ജീപ്പ് ഡ്രൈവർ ഇൽഷാദ് പരിക്കുകളോടെ ഓടി രക്ഷപ്പെട്ടാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ബേക്കൽ എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവും എത്തുമ്പോൾ ചോരയിൽ കുളിച്ച് എ.എസ്.ഐ റോഡിൽ വീണ് കിടക്കുകയായിരുന്നു. ഉടൻ ഉദുമ നേഴ്സിംഗ് ഹോമിൽ എത്തിച്ച് പ്രഥമ ശുശൂഷയ്ക്ക് ശേഷം കാസർകോട് കെയർവെൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗ്ലൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.