ആഗോള നിക്ഷേപക സംഗമം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം ; സർക്കാരിനെതിരെ പ്രതിഷേധം ശക്തം

Jaihind News Bureau
Thursday, January 9, 2020

സംസ്ഥാന സര്‍ക്കാര്‍ ഇന്നും നാളെയും കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം അസെന്‍ഡ് 2020 ക്കെതിരെ പ്രതിഷേധം ശക്തം. ഗ്ലോബൽ ഇൻവസ്റ്റേഴ്സ്  മീറ്റിൽ ഉരുത്തിരിയുന്ന പുതിയ പദ്ധതികൾ കാലാവധി അവസാനിക്കാറായ സർക്കാർ എങ്ങനെ യാഥാർത്ഥ്യമാക്കുമെന്ന ചോദ്യമുയരുന്നു. വികസന രംഗത്തെ പൂര്‍ണ പരാജയം മറച്ച് വെക്കാൻ വേണ്ടിയുള്ള കണ്‍കെട്ട് വിദ്യ മാത്രമാണ് ഇന്‍വെസ്റ്റേഴ്സ് മീറ്റെന്നും വിലയിരുത്തലുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് 2020 ഇന്നും നാളെയുമായി കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ രണ്ടായിരത്തില്‍പരം പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 100 കോടിയിലേറെ മുതല്‍ മുടക്കുള്ള 18 മെഗാ പദ്ധതികൾ ഉള്‍പ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എന്നാൽ പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളും, കുട്ടനാട് ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ് 11 മാസങ്ങൾ മാത്രമാണ് പിണറായി സര്‍ക്കാരിന് ബാക്കിയുള്ളത്. ചുരുങ്ങിയ മാസങ്ങൾക്കുളളിൽ ഗ്ളോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ ഉരുത്തിരിയുന്ന പുതിയ പദ്ധതികള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. വ്യവസായികളുമായി പ്രാരംഭ ചര്‍ച്ച നടത്താന്‍ പോലും സമയമം കിട്ടില്ല.

അവസാന വര്‍ഷം ഇത്തരമൊരു മീറ്റ് നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. വികസന രംഗത്ത് പൂര്‍ണമായും പരാജയപ്പെട്ട ഇടതു സര്‍ക്കാര്‍ ഇതിനകം ഒരൊറ്റ പദ്ധതി പോലും ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന വന്‍കിട പദ്ധതികളെല്ലാം അവതാളത്തലാക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയതത്. മാത്രമല്ല വന്‍കിട പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍ നീക്കിവെച്ച തുകയില്‍ നാമമാത്രമെ ചിലവഴിച്ചിട്ടുള്ളൂ. പതിനഞ്ച് പദ്ധതികള്‍ക്കായി 1,643 കോടി രൂപ നീക്കി വച്ചതിൽ, 70 കോടി രൂപ മാത്രമാണ് ഇതുവരെ ചെവാക്കിയിരിക്കുന്നത്. വികസന രംഗത്തെ പൂര്‍ണ പരാജയം മറച്ചുവെക്കുന്നതിനു വേണ്ടിയുള്ള കണ്‍കെട്ട് വിദ്യമാത്രമാണ് അവസാന വര്‍ഷം നടത്തുന്ന ഇന്‍വെസ്റ്റേേഴ്സ് മീറ്റെന്നുവേണം വിലയിരുത്താൻ.

രാജ്യത്തുടനീളം ബാങ്കിംഗ് ശൃംഖലയുള്ള മുത്തൂറ്റ് ഗ്രൂപ്പിനെ പൂട്ടിക്കാനും എം.ഡിയെ  കല്ലെറിഞ്ഞ് അപായപ്പെടുത്താനും രണ്ട് ദിവസം മുമ്പ് സി.ഐ.ടി.യു പ്രവർത്തകർ ശ്രമിച്ച കൊച്ചിയിൽ തന്നെയാണ് വ്യവസായ സൗഹൃദ അന്തരീക്ഷത്തിനായി അസെൻഡ് 2020 സർക്കാർ സംഘടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം.