“അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചല്‍. പാലുകാച്ചല്‍, കല്യാണം, കല്യാണം പാലുകാച്ചല്‍….” പണിമുടക്കിന് തൊട്ടടുത്ത ദിവസം ആഗോള നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ സിഐഒ

Jaihind News Bureau
Tuesday, January 7, 2020

24 മണിക്കൂര്‍ പണിമുടക്കിന് തൊട്ടടുത്ത ദിവസം തന്നെ  കൊച്ചിയില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന ആഗോള നിക്ഷേപ സംഗമത്തെ പരിഹസിച്ച് നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (സിഐഒ) ടോണി തോമസ്.  ഒരു വശത്ത് നിക്ഷേപ സംഗമവും മറുവശത്ത് നിക്ഷേപകരെ തളര്‍ത്തുന്ന നടപടിയുമാണ് ഇതെന്ന് നിസാന്‍ സിഐഒ ടോണി തോമസ് വിശദമാക്കുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ടോണി തോമസിന്‍റെ പരിഹാസം.

അഴകിയ രാവണൻ എന്ന സിനിമയിൽ ശ്രീനിവാസൻ അനശ്വരനാക്കിയ അംബുജാക്ഷൻ പറഞ്ഞ ചിറകൊടിഞ്ഞ കിനാവുകൾ എന്ന കഥയുടെ ക്ലൈമാക്സ് രംഗവും കുറിപ്പിനൊപ്പം അദ്ദേഹം ചേർത്തിരിക്കുന്നു. അതില്‍ പറയുന്നത് പോലെ ” അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചല്‍. പാലുകാച്ചല്, കല്യാണം, കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം. ഒടുവില്‍ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ..” എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ കേരളത്തിലെ കാര്യമെന്ന് അദ്ദേഹം പറയുന്നു. പങ്കെടുക്കുന്ന നിക്ഷേപകര്‍ ഭക്ഷണപ്പൊതി കയ്യില്‍ വച്ച്‌ അറബിക്കടല്‍ നീന്തി വരുമേയെന്നും ടോണി തോമസ് ചോദിക്കുന്നു. 9, 10 തീയതികളിലാണ് കൊച്ചിയില്‍ നിക്ഷേപക സംഗമം. അതിന്‍റെ പിറ്റേന്നാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഫ്ലൈറ്റിനും നിയന്ത്രണമുണ്ട്. സംഗമത്തിന് എത്തുന്നവര്‍ ഇവിടെ ഇന്‍വെസ്റ്റ്‌മെന്‍റ് നടത്താന്‍ പറ്റിയ സ്ഥലമല്ല എന്ന് നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളിലേക്ക് പോകട്ടെ എന്നാവും മീറ്റിന്‍റെ ഉദ്ദേശമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം…

അവിടെ കല്യാണ വാദ്യാഘോഷം, ഇവിടെ പാലുകാച്ചല്‍. പാലുകാച്ചല്, കല്യാണം, കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം. ഒടുവില്‍ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ…

അഴകിയ രാവണൻ എന്ന സിനിമയിൽ ശ്രീനിവാസൻ അനശ്വരനാക്കിയ അംബുജാക്ഷൻ പറഞ്ഞ ചിറകൊടിഞ്ഞ കിനാവുകൾ എന്ന കഥയുടെ ക്ലൈമാക്സ് രംഗമാണ്.

എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ കേരളത്തിലെ കാര്യം. ജനുവരി ഒൻപത്തിനും പത്തിനും കൊച്ചിയിൽ ഗ്ലോബൽ ഇൻവെസ്റ്റർസ് മീറ്റ് (അസെന്‍റ് 2020) നടക്കുകയാണ്. ജനുവരി എട്ടിനാകട്ടെ കേരളത്തിലെ ഹോട്ടലുകളും, കടകളും അടച്ചിട്ട്, ഗതാഗതം തടസ്സപ്പെടുത്തി ഹർത്താൽ മാതിരി ഇരുപത്തിനാല് മണിക്കൂർ പണിമുടക്ക്. ജനുവരി പതിനൊന്നിനാകട്ടെ മരടിലെ ഫ്ലാറ്റ് പൊളിക്കൽ മഹോത്സവം. കൂടാതെ മഴയില്ലാത്തപ്പോൾ മാത്രം പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം ഇപ്പോൾ വെയിലുള്ളപ്പോഴും പ്രവർത്തിക്കുന്നില്ലത്രേ.

അപ്പോൾ ഗ്ലോബൽ ഇൻവെസ്റ്റർസ് ഭക്ഷണപൊതി കൈയിൽ വച്ച്, അറബികടൽ നീന്തിവന്നു, ഇവിടെ ഇൻവെസ്റ്റ്മെന്‍റ് നടത്താൻ പറ്റിയ സ്ഥലമല്ല എന്ന് നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളില്ലേക്ക് പോകട്ടെ എന്നാവും മീറ്റിന്‍റെ ഉദ്ദേശം.

അവിടെ ഇൻവെസ്റ്റർ മീറ്റ്, ഇവിടെ ഇൻവെസ്റ്റർ പാരാലിസിസ്.. ഇൻവെസ്റ്റർ പാരാലിസിസ്, ഇൻവെസ്റ്റർ മീറ്റ്.. മീറ്റ്, പാരാലിസിസ്..