ഗാന്ധിജിയെ അങ്ങനെയൊന്നും വിട്ടുകൊടുക്കില്ല

Oommenchandy
Wednesday, October 2, 2019

അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി- മോദി പരിപാടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഇന്ത്യയുടെ രാഷ്ട്രപിതാവ്’ എന്നു വിശേഷിപ്പിച്ചത് ആകസ്മികമാണോ? പരസ്പരം പുകഴ്ത്തി മുന്നേറുന്നതിനിടയിൽ ട്രംപ് ഇത്തരമൊരു പ്രയോഗം നടത്തിയത് നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് എന്നു വിശ്വസിക്കുന്നവർ ഏറെയാണ്.

മഹാത്മഗാന്ധിജിയുടെ 150-ആം ജന്മവാർഷികം ഇന്ത്യയിലും ലോകമെമ്പാടും ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലും ആഘോഷിക്കുമ്പോൾ, ഗാന്ധിജിയെ ഇന്ത്യയുടെ ആത്മാവിൽ നിന്നു മുറിച്ചുമാറ്റാനികില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ, മതേതര, ബഹുസ്വര രാജ്യമായി നിലനില്ക്കുന്നുണ്ടെങ്കിൽ അതു ഗാന്ധിജി നമ്മുടെ ഇടയിൽ ജീവിച്ചതുകൊണ്ടാണ്. ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാൻ ആദ്യം ഗാന്ധിജിയെ ജനമനസുകളിൽ നിന്നു പിഴുതെറിയണമെന്നു സംഘപരിവാർ ശക്തികൾക്ക് വ്യക്തമായി അറിയാം. അതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഗാന്ധിജിക്കു പകരം മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ചത് ഇത്തരം അജൻഡകളുടെ ഭാഗമാണ്. യഥാർത്ഥത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ഇതിനെ അപലപിച്ചു രംഗത്തുവരണമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ശിങ്കിടികളെ ഇറക്കി പ്രസ്താവനയ്ക്ക് ആധികാരികത നല്കാനാണു ശ്രമിക്കുന്നത്. മോദിയെ രാഷ്ട്രപിതാവായി അംഗീകരിക്കുവാൻ വിസമ്മതിക്കുന്നവരെ ഇന്ത്യക്കാരായി കരുതരുത് എന്നാണ് കേന്ദ്രമന്ത്രി ജിതേന്ദർ സിംഗ് പ്രസ്താവിച്ചത്. ഖാദി കലണ്ടറിൽ ചർക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർക്ക തിരിക്കുന്ന ചിത്രം ചേർത്തതും ആകസ്മികമല്ല.

ഹിന്ദുമഹാ സെക്രട്ടറി പൂജ ഷക്കൂൺ ഗാന്ധിജിയുടെ ചിത്രത്തിനുനേരേ വെടിയുതിർത്താണ് ഇക്കഴിഞ്ഞ രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഇന്ത്യൻ കറൻസിയിൽ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഹരിയാനയിലെ ബിജെപി മന്ത്രി അനിൽ വിജ്. ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെയെ ‘മഹാനായ രാജ്യസ്‌നേഹി’ എന്നു വിശേഷിപ്പിച്ചത് ബിജെപി എംപി സാക്ഷി മഹാരാജ്. ഗാന്ധിയുടെ ആദർശങ്ങൾ മൂലമാണ് രാജ്യത്ത് ഭീകരവാദം ഉണ്ടായത് എന്നാണ് ഹിന്ദുമഹാസഭാ നേതാവ് പ്രവീൺ തൊഗാഡിയ പറഞ്ഞത്. ഗാന്ധിഘാതകൻ നാഥുറാം ഗോഡ്‌സെയ്ക്കുവേണ്ടി ഗ്വാളിയറിൽ ക്ഷേത്രം വരെ പണിതത് ഹിന്ദുമഹാസഭ. മുസ്ലീംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനു ഭീഷണിയാണെന്നു പ്രസ്താവിച്ച ആർഎസ്എസ് നേതാക്കളായ മാധവ് സദാശിവ ഗോൽവർക്കറും വിനായക ദാമോദർ സർവാർക്കറുമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത്. ഹിന്ദു- മുസ്ലീം മൈത്രിക്കുവേണ്ടിയും മതേതരത്വത്തിനുവേണ്ടിയും സ്വന്തം ജീവൻ വെടിഞ്ഞ ഗാന്ധിജി അങ്ങനെ സംഘപരിവാരങ്ങൾക്ക് ആജന്മശത്രുവായി.

ഗാന്ധിജി ലോകത്തിന്

എന്നാൽ ലോകം ഗാന്ധിജിയെ കാണുന്നത് എങ്ങനെയാണെന്നു നോക്കാം. ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നെന്ന് വിശ്വസിക്കാൻ വരും തലമുറകൾ പ്രയാസപ്പെടുമെന്ന് വിശ്രുത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്. ‘ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സംഭവങ്ങൾ’ എന്ന പേരിൽ റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ബൃഹത്തായ പുസ്തകത്തിൽ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത്, ‘ഇതാ സന്യാസിയായ ഒരു നേതാവ്’ എന്ന ആമുഖത്തോടെയാണ്. വരുന്ന നൂറ്റാണ്ട് അതിന്‍റെ ബൗദ്ധികചക്രവാളം പരിപൂർണമായി തുറക്കുന്ന വേളയിൽ ഏറ്റവും സ്ഫുടമായി തെളിഞ്ഞുകാണുന്ന അനശ്വരാത്മാവ് ഗാന്ധിജി ആയിരിക്കുമെന്ന് അവർ വിലയിരുത്തി. ലോകചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് ചരിത്ര പണ്ഡിതൻ ആർനോൾഡ് ടോയൻബി എഴുതി. ഗാന്ധിജി അനിവാര്യമാണെന്നും മാനവരാശിക്കു മുന്നേറണമെങ്കിൽ ഗാന്ധിജി ഉണ്ടായേ തീരൂ എന്നും കറുത്തവർഗക്കാരുടെ മുന്നണിപ്പോരാളി മാർട്ടിൻ ലൂതർ കിംഗ് അരനൂറ്റാണ്ട് മുമ്പ് ചൂണ്ടിക്കാട്ടി. ഗാന്ധിജയന്തിദിനമായ ഒക്‌ടോബർ രണ്ട്, 2007 മുതൽ ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഒക്‌ടോബർ രണ്ട് ചരിത്രത്തിൽ ഇടംപിടിച്ചത് രാഷ്ട്രപിതാവിന്റെ ജന്മദിനം എന്ന നിലയിൽ മാത്രമല്ല, മാനവരാശിക്ക് പ്രത്യാശയുടെ പ്രകാശം പകർന്ന മൂല്യസംഹിതയുടെ വിജയദിനം കൂടിയായിട്ടാണ്. ഗാന്ധിയൻ മൂല്യങ്ങൾക്കും ദർശനങ്ങൾക്കും മരണമില്ല.

ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവുമായി അഞ്ചു തവണ ലോകസമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദേശമുണ്ടായിട്ടും നിഷേധിക്കപ്പെട്ട നേതാവാണ് ഗാന്ധിജി. പിന്നീട് അതേ മേഖലയിൽ നൊബേൽ സമ്മാനം നേടിയ എട്ടു ലോകനേതാക്കൾ തങ്ങളുടെ മാർഗദീപം ഗാന്ധിജിയാണെന്ന് നൊബേൽ പുരസ്‌കാരവേദിയിൽ തന്നെ അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആൽബർട്ട് ലുതുലി, മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ, ദലൈ ലാമ, ഓംഗ് സാൻ സൂചി, നെൽസൺ മണ്ടേല, അഡോൾഫോ പെരെസ് എസ്‌ക്വിവെൽ, ബരാക്ക് ഒബാമ, കൈലാസ് സത്യാർത്ഥി എന്നിവരാണവർ. ഗാന്ധിജിക്ക് നൊബേൽ സമ്മാനം നല്കാതെ പോയതിൽ കമ്മിറ്റി അംഗങ്ങൾ പലവട്ടം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നൊബേൽ മ്യൂസിയത്തിൽ മഹാത്മാഗാന്ധിയുടെ അഭാവം നികത്താനാകാത്ത നഷ്ടം എന്നാണ് നൊബേൽ മ്യൂസിയം ക്യുറേറ്റർ പറഞ്ഞത്.

ഗാന്ധിജി ഇന്ത്യയ്ക്ക്

മൂന്നു ദശകത്തിലധികം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെയും ഇന്ത്യയെയും നയിച്ച മഹാത്മഗാന്ധി ഗാന്ധിജിയാണു നമ്മുടെ സമ്പത്തും ആത്മവിശ്വാസവും ദീപശിഖയും. അദ്ദേഹമാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമാണ് നമ്മുടെ പിതാവ്. ‘രാഷ്ട്രപിതാവേ..’ എന്ന നേതാജിയുടെ അഭിസംബോധന രാജ്യം ആദരവോടെ അംഗീകരിച്ചു. രബീന്ദ്രനാഥ ടാഗോർ ‘മഹാത്മാ..’ എന്നു വിളിച്ചപ്പോൾ കോടിക്കണക്കിനു കണ്ഠങ്ങൾ അതേറ്റു പറഞ്ഞു. ഗുജറാത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഗാന്ധിജി ജന്മം കൊണ്ടോ, സ്റ്റേജ് ഷോ കൊണ്ടോ അല്ല മഹത്മാവായത് മറിച്ച് കർമം കൊണ്ടു മാത്രമാണ്.

അഹിംസാമന്ത്രവുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നേരിട്ട അദ്ദേഹത്തിന്‍റെ വീക്ഷണവും പ്രവർത്തനങ്ങളും ഒരു ജനതയുടെ മോചനത്തിൽ ഒതുങ്ങിയിരുന്നില്ല. സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ പുറത്താക്കാൻ വേണ്ടി മാത്രമുള്ളതല്ല മറിച്ച ഒരു നവസമൂഹരചനയ്ക്കാണെന്നും അതു നേടുന്നതിനുള്ള യാത്രയിൽ മുന്നിലുള്ള തടസ്സങ്ങളിലൊന്നുമാത്രമാണ് ബ്രിട്ടീഷ് ഭരണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ലോകം ഗാന്ധിജിയിലേക്ക് അടുത്തത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം കൊണ്ടുവന്ന അസാധാരണമായ രീതികൾ കണ്ടാണ്. ത്യാഗനിർഭരമായ സഹനസമരത്തിലൂടെ, സത്യത്തെയും അഹിംസയെയും മുറുകെപ്പിടിച്ചുകൊണ്ടു നേടിയ സ്വാതന്ത്ര്യം ലോകചരിത്രത്തിലെ വേറിട്ട അധ്യായമാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും രക്തം വാർന്നൊഴുകുമ്പോൾ ഗാന്ധിജിയുടെ സഹനസമരങ്ങളുടെ പ്രസക്തിയിലേക്ക് ലോകം വീണ്ടും ഉറ്റുനോക്കുന്നു.

മതസംവാദം

ലോകത്തു നടക്കുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് വ്യത്യസ്ത മതവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന സംഘർഷങ്ങളാണ്. വിവിധ മതസ്ഥർ പരസ്പരം മനസ്സിലാക്കിയാൽ കലാപങ്ങളിൽ ഏറിയ പങ്കും ഒഴിവാക്കാം. മതങ്ങൾ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. വിവിധ മതവിശ്വാസികൾ ചേർന്ന കൂട്ടായ്മകൾക്ക് ഗാന്ധി രൂപം കൊടുക്കുകയും ഒന്നിച്ച് ജീവിക്കാനും ഒന്നിച്ച് പണിയെടുക്കാനും അവസരമൊരുക്കുകയും ചെയ്തു. ”ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്നമതക്കാരുടെ പരസ്പരബഹുമാനവും സഹിഷ്ണുതയുമാണ്. നിർജീവമായ ഐകരൂപ്യമല്ല നാനാത്വത്തിന്‍റെ ഏകത്വമാണ് നമുക്കാവശ്യം” – അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വിശ്വാസങ്ങൾ തമ്മിലുള്ള സംവാദം ആധുനിക ലോകം ഇന്നു പ്രതീക്ഷയോടെ നോക്കുന്ന സുവർണ സിദ്ധാന്തമാണ്.

സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി ചോരയും നീരും ആയുസും നല്കിയ ഗാന്ധിജി പക്ഷേ, സാമുദായിക ഭ്രാന്തിനു രാജ്യം അടിമപ്പെട്ട ആ നാളുകളിൽ അതീവ ദു:ഖിതനായിരുന്നു. കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കൾ ബ്രിട്ടനുമായി അധികാരക്കൈമാറ്റ ചർച്ചകളിൽ മുഴുകിയപ്പോൾ ഗാന്ധിജി അതിർത്തി ഗ്രാമങ്ങളിൽ പരസ്പരം കൊന്നു മുന്നേറുന്നവർക്കിടയിൽ മുറിവേറ്റ ഹൃദയവുമായി ഓടി നടന്നു. ബ്രിട്ടീഷ് പട്ടാളവും ഇന്ത്യൻ സൈനികരും തോറ്റോടിയിടത്ത് ഗാന്ധിജിയെന്ന ഒറ്റയാൾ പട്ടാളം അത്ഭുതകരമായി ജനങ്ങളെ നിയന്ത്രിച്ചു. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു ഗാന്ധിജിക്കെഴുതി- ”എന്‍റെ പ്രിയപ്പെട്ട ഗാന്ധിജി, പഞ്ചാബിൽ നമുക്ക് 55000 പട്ടാളക്കാരുണ്ട്. എന്നാൽ കലാപം അടങ്ങുന്നില്ല. ബംഗാളിൽ ഒറ്റയാൾ മാത്രമേ ഞങ്ങൾക്കുള്ളു. പക്ഷേ അവിടെ കലാപമില്ല. ഈ ഉദ്യോഗസ്ഥ പദവിയിലിരുന്ന്, ഈ ഒറ്റയാൾ അതിർത്തി സേനയെ നമസ്‌കരിക്കാൻ എന്നെ അനുവദിച്ചാലും.”

സാമ്പത്തിക സമത്വം

പൂർണസ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ സാമ്പത്തിക സമത്വമാണെന്നും, സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് നികത്താത്തിടത്തോളം കാലം അഹിംസാത്മകമായ ഭരണസംവിധാനം അസാധ്യമാണെന്നും, സമ്പത്തും അതിൽ നിന്ന് ഉണ്ടാകുന്ന ശക്തിയും പൊതുനന്മയ്ക്കു വേണ്ടി പങ്കിടാൻ തയ്യാറായില്ലെങ്കിൽ രക്തരൂക്ഷിത വിപ്ലവം ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പ്രവചിച്ചു. അത് ഇന്നു ലോകത്ത് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. ”നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്‍റെ മുഖം സങ്കല്പിച്ചുനോക്കുക. എന്നിട്ട് നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാൾക്ക് ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചുനോക്കുക.” ഗാന്ധിയുടെ ഈ രക്ഷാസൂത്രം ഭരണകർത്താക്കൾ എക്കാലവും നെഞ്ചോടുചേർക്കേണ്ടതാണ്.

ആഗോളതാപനത്തിനും പരിസ്ഥിതി വ്യതിയാനത്തിനും ഉത്തരം ഗാന്ധിജിയിലുണ്ട്. വിഭവങ്ങളെ സംരക്ഷിക്കുകയും സമാഹരിക്കുകയും അവയെ നീതിപൂർവം വിതരണം ചെയ്യുകയും വേണമെന്ന സുസ്ഥിരവികസന കാഴ്ചപ്പാട് ലോകമന:സാക്ഷിയുടെ മുന്നിൽ ആദ്യമായി അവതരിപ്പിച്ചത് ഗാന്ധിജിയാണ്. ‘ഭൂമുഖത്ത് എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങൾ ഉണ്ട്; എന്നാൽ, ആരുടെയും ആർത്തിക്ക് തികയുകയുമില്ല’ എന്നത് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വിഭവങ്ങളെ ധൂർത്തടിക്കാതിരിക്കാനുമുള്ള ഗാന്ധിജിയുടെ താക്കീതാണ്. ഗാന്ധിജിയുടെ മറ്റൊരു പ്രധാനപ്പെട്ട കർമമണ്ഡലം അയിത്തോച്ചാടനമായിരുന്നു. ദളിതരെ അദ്ദേഹം ദൈവത്തിന്റെ മക്കൾ എന്നു വിളിച്ചു.

വിട്ടുകൊടുക്കില്ല

ഗാന്ധിജി വിഭാവനം ചെയ്തതിന്‍റെ നേരേ വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവുമധികം ആഗ്രഹിക്കുകയും സ്വന്തം ജീവൻപോലും ബലിയർപ്പിക്കുകയും ചെയ്തത് മതസൗഹാർദത്തിന് വേണ്ടി ആയിരുന്നെങ്കിലും ഇപ്പോൾ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് അതിനെതിരേയാണ്. രാജ്യം നെടുകെയും കുറുകെയും വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത ഒരു പ്രത്യേക വിഭാഗത്തിന്‍റേതാക്കി മാറ്റി. മറ്റുള്ളവരോട് രാജ്യം വിട്ടുപോകാൻ ആജ്ഞാപിക്കുന്നു. അസഹിഷ്ണുത അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബഹുസ്വരതയ്ക്ക് മങ്ങലേൽക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് ജയിൽ അല്ലെങ്കിൽ മരണം. ഒരു ചെറിയ വിഭാഗം സമ്പത്ത് കയ്യടക്കിയപ്പോൾ, രാജ്യത്ത് അസമത്വവും അസംതൃപ്തിയും പടർന്നുപിടിക്കുന്നു. രാജ്യം വലിയ സാമ്പത്തിക തകർച്ചയിലേക്കു കൂപ്പുകുത്തി. ഒരു മതാധിപത്യ രാജ്യത്തിനുവേണ്ടിയുള്ള കേളികൊട്ടാണ് ഉയരുന്നത്. അതിന് ഗാന്ധിജിയെ തന്നെ തമസ്‌കരിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ‘ഗാന്ധിജി അമർ രഹേ’ എന്നു ദിഗന്തങ്ങൾ പൊട്ടുമാറ് വിളിച്ചു ശീലിച്ച ഇന്ത്യൻ ജനത അങ്ങനെയൊന്നും ഗാന്ധിജിയെ വിട്ടുകൊടുക്കില്ല.

teevandi enkile ennodu para