ജമ്മു-കശ്മീർ : പുൽവാമയിൽ ഇന്ത്യന്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ 9 സൈനികര്‍ക്ക് പരിക്കേറ്റു. 44 രാഷ്ട്രീയ റൈഫിൾസിന്‍റെ പട്രോളിംഗ് വാഹനത്തിന് നേരേയാണ് ആക്രമണമുണ്ടായത്. പുൽവാമയിലെ അരിഹാലിലാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഭീകരർ വെടിയുതിർക്കുകയും ചെയ്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മു-കശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ കഴിഞ്ഞദിവസം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് പാകിസ്ഥാന്‍ അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. അവന്തിപുര സെക്ടറില്‍ പുല്‍വാമ മോഡല്‍ ആക്രമണമുണ്ടായേക്കും എന്നായിരുന്നു മുന്നറിയിപ്പ്. കശ്മീരിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സാക്കിർ മൂസയെ ഇന്ത്യ കൊലപ്പെടുത്തിയതിലുള്ള തിരിച്ചടിയായി ആവാം ഭീകരാക്രമണമെന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ ഇന്ത്യന്‍ സൈനിക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച വാഹനം ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഓടിച്ചു കയറ്റിയിരുന്നു. 40 സി.ആർ.പി.എഫുകാരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.