രാമനാട്ടുകര : സിപിഎം പ്രവർത്തകനും സ്വർണക്കടത്ത് ക്വട്ടേഷൻ തലവനുമായ അർജ്ജുൻ ആയങ്കിയുടെ വാഹനം പൊലീസ് എത്തും മുന്‍പ് കടത്തി

Jaihind Webdesk
Thursday, June 24, 2021

സ്വർണക്കടത്ത് സംഘത്തലവൻ അർജുൻ ആയങ്കി സഞ്ചരിച്ച വാഹനം ദുരൂഹ സാഹചര്യത്തിൽ ഒളിപ്പിച്ച സ്ഥലത്ത് നിന്ന് കാണാതായി. അഴീക്കൽ ഉരു നിർമാണ ശാലക്ക് സമീപം വാഹനം ഒളിപ്പിച്ച നിലയിൽ വാഹനം രാവിലെ കണ്ടെത്തിയിരുന്നു
പൊലീസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം കാണാതായത്  അർജുൻ ആയങ്കിയുടെ സംഘമാണ് കാർ കടത്തിയത്.

രാമനാട്ടുകരയിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേസിൽ നിർണായക തെളിവ് ആയിരുന്ന കാറാണ് കടത്തികൊണ്ടു കൊണ്ടുപോയത്. സ്വർണ്ണ കടത്തിലെ മുഖ്യ സൂത്രധാരനായ അർജ്ജുൻ ആയങ്കി KL 13 AR 7789 സ്വിഫ്റ്റ് കാറിൽ കരിപ്പൂർ വിമാനത്താവളത്തിലും അപകടം നടന്ന രാമനാട്ടുകരയിലും എത്തിയിരുന്നു.ഇതിന് ശേഷം അർജ്ജുൻ ആയങ്കി അപകടം നടന്ന സ്ഥലത്ത് നിന്ന് കാറിൽ കടന്നു കളയുകയായിരുന്നു. ചുവന്ന സ്വിഫ്റ്റ് കാറില്‍ അർജുൻ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്‍ജ്ജുന്‍ ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ കാർ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് അഴീക്കോട് പൂട്ടിക്കിടന്ന ഉരു നിർമാണ ശാലയ്ക്ക് സമീപം കാർ ഒളിപ്പിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പൊലീസിനെ സമീപവാസികൾ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുന്‍പ്  അർജുൻ ആയങ്കിയുടെ സുഹൃത്ത് പ്രണവ് കാറു ഓടിച്ച് കടന്നു കളഞ്ഞു. അർജ്ജുൻ ആയങ്കിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി തുടരുന്നതിന് ഇടയിലാണ് കാർ കടത്തികൊണ്ടു പോകുന്നത്.