അർജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍ ; അറസ്റ്റ് ഇന്നുണ്ടാകും

Jaihind Webdesk
Monday, June 28, 2021

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി അർജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. അർജുന്‍റെ അറസ്റ്റും ഇന്നുണ്ടായേക്കും. കേസില്‍ അർജുന് നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. അര്‍ജുനുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ മറ്റൊരു പ്രതിയായ മുഹമ്മദ് ഷഫീഖില്‍ നിന്നും കസ്റ്റംസിന് ലഭിച്ചു. ഷഫീഖിനെയും അര്‍ജുനെയും ഒരുമിച്ച് ചോദ്യംചെയ്യണമെന്നും കസ്റ്റംസ്. ഷഫീഖിനെ ചോദ്യംചെയ്യുന്നതിനായി 5 ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം അർജുന്‍ ആയങ്കി ചോദ്യംചെയ്യലിനായി കസ്റ്റംസിനുമുന്നില്‍ ഹാജരായി. രാവിലെ അഭിഭാഷകർക്കൊപ്പമാണ് അർജുന്‍ എത്തിയത്. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അർജുന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കി.