പിണറായി സർക്കാരിനെ വിലയിരുത്തിയാൽ ഒരാളും എൽ ഡി എഫിന് വോട്ട് ചെയ്യില്ല : കെ.സുധാകരന്‍

Jaihind News Bureau
Wednesday, October 16, 2019

ബുദ്ധിപൂർവ്വമായ തീരുമാനം എന്ന് പറയാവുന്ന ഒരു ജനോപകാരപ്രദമായ നടപടിയും പിണറായി വിജയൻ സർക്കാരിൽ നിന്ന് ഉണ്ടായില്ലെന്ന് കെ.സുധാകരന്‍ എംപി. പിണറായി സർക്കാരിനെ വിലയിരുത്തിയാൽ ഒരാളും എൽ ഡി എഫിന് വോട്ട് ചെയ്യില്ല.
പിണറായി അധികാരത്തിൽ എത്തിയ ശേഷം കേരളത്തിന് ദുരിതകാലമാണ്. അഹങ്കാരവും ധിക്കാരവുമാണ് മുഖ്യമന്ത്രിയുടെ കൈമുതലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സ്വന്തം പാർട്ടിക്കാരെയാണ് സഹായിക്കുന്നത്. പൊതുജനത്തെ സഹായിക്കാൻ ഫണ്ടില്ലാത്ത നാട്ടിൽ മുഖ്യമന്ത്രി പണം ധൂർത്തടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഖി ദുരന്തം ഉണ്ടായപ്പോൾ തീരദേശം സന്ദർശിക്കാൻ 5 ദിവസത്തിന് ശേഷം പോയ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ക്ഷോഭത്തെ തുടർന്ന് ഓടി ഒളിക്കേണ്ടി വന്ന കാര്യവും കെ.സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

തലശ്ശേരി കലാപ വേളയിൽ മുസ്ലീം സമുദായത്തെ സംരക്ഷിച്ചുവെന്ന് കോടിയേരി വ്യാജ പ്രചാരണം നടത്തുകയാണെന്നും മുസ്ലീം സമുദായത്തിന് എപ്പോഴാണ് സിപിഎം സംരക്ഷണം നൽകിയതെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കെ.സുധാകരന്‍ ചോദിച്ചു. നാദാപുരത്ത് മുസ്ലീം സമുദായത്തെ കൊള്ളയടിച്ച സിപിഎം ആണ് മുസ്ലീം സമുദായത്തിന്‍റെ സംരക്ഷകർ എന്ന് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആക്ടിവിസ്റ്റുകളെ കൊണ്ടുവന്ന് ശബരിമലയിലെ ആചാരനുഷ്ടാനങ്ങൾ ചവിട്ട്മെതിച്ച പിണറായിയുടെ സ്ഥാനാർത്ഥിക്ക് എങ്ങനെ വോട്ട് ചെയ്യും. പല കേസുകളിലും നേതാക്കന്മാർ പ്രതികൾ ആവാതിരിക്കാൻ വേണ്ടിയാണ് സിബിഐ അന്വേഷണത്തെ സിപിഎം ഭയപ്പെടുന്നത്. അത് കൊണ്ടാണ് സിബിഐ അന്വേഷണത്തിനെ എതിർക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.