മന്ത്രിപദത്തിലും പിന്തുടർന്ന് വിവാദം ; ആന്റണി രാജുവിനെ വിടാതെ അടിവസ്ത്ര മോഷണ കേസ്

Jaihind Webdesk
Wednesday, May 19, 2021

 

തിരുവനന്തപുരം: മന്ത്രിപദം ലഭിച്ചതിനുപിന്നാലെ ആന്റണി രാജുവിനെ പിന്തുടര്‍ന്ന് പഴയ അണ്ടര്‍വെയര്‍ മോഷണക്കേസ്. 2006ല്‍  ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ ആന്റണി രാജുവിന് ഗതാഗത വകുപ്പാണ് ലഭിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ആന്റണി രാജു ഉള്‍പ്പെട്ട
അണ്ടര്‍ വെയര്‍ മോഷണക്കേസ്.

1990ല്‍ അണ്ടര്‍ വെയറില്‍ ഒളിപ്പിച്ച് വെച്ച ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വോദര്‍ തിരുവനന്തപുരത്ത് കേരളാ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഡീഷണല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് വന്നപ്പോള്‍ ആന്‍ഡ്രുവിന് വേണ്ടി ഹാജരായത് അഭിഭാഷകനായ ആന്റണി രാജുവായിരുന്നു. നിയമവിരുദ്ധമായി മയക്കുമരുന്ന് അണ്ടര്‍ വെയറില്‍ ഒളിപ്പിച്ച് പിടിക്കപ്പെട്ട കേസില്‍ ആന്‍ഡ്രുവിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു.

കോടതി വിധിക്കെതിരെ ആന്‍ഡ്രു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് മുതലാണ് കേസിലെ ട്വിസ്റ്റ്. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ തൊണ്ടിമുതലായ അണ്ടര്‍ വെയര്‍ ഹാജരാക്കപ്പെട്ടു. ആന്‍ഡ്രു ധരിച്ചിരുന്ന അതേ നിറത്തിലും തുണിയിലുമുള്ള അണ്ടര്‍ വെയര്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും അത് ഒരു കൊച്ചുകുട്ടിക്ക് ധരിക്കാവുന്ന വലിപ്പമേയുള്ളൂവെന്ന് കോടതി കണ്ടെത്തി. തടിച്ച ശരീരമുള്ള പ്രതിക്ക് ധരിക്കാന്‍ പാകത്തിലുള്ളതല്ല ഈ അണ്ടര്‍ വെയറെന്നും അതിനാല്‍ പൊലീസ് മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണെന്നും വാദമുയര്‍ന്നു. ഒടുവില്‍ കോടതി ആന്‍ഡ്രുവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. അതോടെ ആ കേസും അവസാനിച്ചു.

ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ ആന്‍ഡ്രു അധികം വൈകാതെ അവിടെ ഒരു കൊലപാതക കേസില്‍ പ്രതിയായി. ഓസ്‌ട്രേലിയന്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ആന്‍ഡ്രുവിനൊപ്പം സഹ പ്രതിയായ വ്യക്തിയുടെ മൊഴിയില്‍ നിന്ന് പണ്ട് ഇന്ത്യയിലുണ്ടായ ഒരു കേസില്‍ നിന്ന് ആന്‍ഡ്രു രക്ഷപ്പെട്ടത് അണ്ടര്‍ വെയര്‍ മാറ്റിയെടുത്തായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പൊലീസിന് വിവരം കിട്ടി. അവര്‍ അത് ഇന്റര്‍പോളിനെയും ഇന്ത്യയില്‍ സിബിഐയെയും അറിയിച്ചു. തുടര്‍ന്ന് അണ്ടര്‍ വെയര്‍ കേസ് വീണ്ടും അന്വേഷണത്തിന്റെ ഭാഗമായി. ടിപി സെന്‍കുമാറാണ് സിസി 268/2006 ക്രൈം നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

2006ല്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ എത്തിയപ്പോള്‍ ഒന്നാംപ്രതി ആന്റണി രാജുവും രണ്ടാം പ്രതി കോടതിയിലെ ക്ലാര്‍ക്ക് ജോസ് എന്നയാളുമായിരുന്നു. 1990ലെ മയക്കുമരുന്ന് കേസില്‍ തൊണ്ടിമുതലായി കോടതിയില്‍ സൂക്ഷിച്ചിരുന്ന ആന്‍ഡ്രുവിന്റെ അണ്ടര്‍ വെയര്‍ കോടതി ക്ലാര്‍ക്കിന്റെ സഹായത്തോടെ ആന്റണി രാജു മോഷ്ടിച്ചെടുത്തെന്നും അത് പിന്നീട് പുറത്തുകൊണ്ടുവന്ന് ഒരു കുട്ടിക്ക് ധരിക്കാവുന്ന വലിപ്പത്തില്‍ ചെറുതാക്കി തുന്നിയെടുക്കുകയായിരുന്നുവെന്നുമായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

2006-ലെ ഈ കേസിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും ആര്‍ക്കും അത്രനിശ്ചയമില്ല. കേസ് തള്ളിക്കളഞ്ഞോ അതോ കോടതിയിലുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും അതിന് വ്യക്തമായ മറുപടി എവിടെ നിന്നും ലഭിക്കുന്നില്ല. നേരത്തെ, ആന്റണി രാജുവിനെ മല്‍സരിപ്പിക്കാനായി ഇടതുമുന്നണി തീരുമാനമെടുത്തപ്പോള്‍ അന്ന് ഈ കേസ് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന്  മല്‍സര രംഗത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു.