കൊവിഡ് പ്രതിരോധ പ്രവർത്തനം : അനിൽ ആന്‍റണിക്ക് രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്

അനിൽ ആന്‍റണിക്ക് രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പാർലമെന്‍റേറിയൻ വിത്ത് ഇന്നവേറ്റ്സ് ഓഫ് ഇന്ത്യ (പിഐഐ) സംഘടനയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. സംഘടനയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല കോണ്‍ഗ്രസിന്‍റെ അനില്‍ ആന്‍റണിക്കായിരുന്നു.

രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ സ്ഥലങ്ങൾ ഏറ്റെടുത്ത് കൊവിഡ് കെയർ സെന്‍ററുകൾ സംഘടന സ്ഥാപിച്ചിരുന്നു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവിലാണ് സെന്‍ററുകൾ ഒരുക്കിയത്. പാർലമെന്‍റ് അംഗങ്ങളും സാങ്കേതിക മേഖലയിലെ പ്രവർത്തകരും ഉൾപ്പെടുന്നതാണ് പിഐഎ.

കേരള, കർണാടക, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലായി 700 ബെഡുകൾ ഉൾപ്പെടുന്ന എട്ടോളം കൊവിഡ് സെന്‍ററുകൾ സംഘടന ഒരുക്കിയിരുന്നു. പതിനായിരത്തിലേറെ രോഗികളാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ് സ്റ്റഡീസ്, പൂന്തുറ, പൂജപ്പുര എന്നിവിടങ്ങളിലെ സെന്‍ററുകളും ഇവയിൽ ഉൾപ്പെടുന്നു. കേരളത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ മാസ് തെർമൽ സ്കാനറുകളും സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു.

Comments (0)
Add Comment