ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; രേഖകള്‍ പുറത്തുവിട്ട് അനിൽ അക്കര എംഎൽഎ; അടിയന്തിരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യം

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ബിൽഡിംഗ് പെർമിറ്റിൽ ലൈഫ് മിഷനാണ് നിർമ്മാണം നടത്തുന്നതെന്ന് വ്യക്തമാക്കുന്ന രേഖ അനിൽ അക്കര എംഎൽഎ പുറത്തുവിട്ടു.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. യു.എ ഇ സർക്കാരിന്‍റെ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്‍റാണ് ഇവിടെ മുതൽ മുടക്കിയത്. യൂണിടാക്കിനാണ് നിർമാണ കരാർ.

സ്ഥലം മാത്രമേ സർക്കാർ കൈമാറിയിട്ടുള്ളൂ എന്നതാണ് മുഖ്യമന്ത്രിയുടെ അവകാശ വാദം. എന്നാൽ 2019 സെപ്റ്റംബർ 5 ന് വടക്കാഞ്ചേരി നഗരസഭ നൽകിയ ബിൽഡിംഗ് പെർമിറ്റ് ഈ വാദങ്ങൾ പൊളിക്കുന്നതാണ്. ഇതനുസരിച്ച് ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കാണ് പെർമിറ്റ് നൽകിയിരിക്കുന്നത്. ഇത് എന്തു കൊണ്ട് മുഖ്യമന്ത്രി മറച്ചു വെയ്ക്കുന്നു എന്നാണ് അനിൽ അക്കര ചോദിക്കുന്നത്.

റെഡ്‌ ക്രസന്‍റുമായുള്ള കരാർ പുറത്ത് വിടാൻ മുഖ്യമന്ത്രി തയ്യാറാകണം. ലാവലിന് തുല്യമായ അഴിമതിയാണ് നടന്നിരിക്കുന്നത്. നിയമപരമായ പോരാട്ടം തുടരുമെന്നും അനിൽ അക്കര വ്യക്തമാക്കി.

മുഖ്യമന്ത്രി വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കാതെ റെഡ് ക്രസന്‍റ് എന്ന് പറഞ്ഞ് ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇവിടെ പഞ്ചായത്തീരാജ് നിയമം തൊട്ട് വിദേശ നാണയ വിനിമയ ചട്ടം വരെ ലംഘിച്ചിരിക്കുകയാണെന്നും അനില്‍ അക്കര പറഞ്ഞു. കേരളത്തിലെ ജനങ്ങളെ തിരുത്തിയും നുണ പറഞ്ഞും പറ്റിച്ചും ഇനി അധികകാലം മുന്നോട്ട് പോകുവാന്‍ കഴിയില്ല. അടിയന്തിരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

https://youtu.be/bOb17bqxlKs

Comments (0)
Add Comment