ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അനില്‍ അക്കര; അട്ടിമറി ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നല്‍കി

തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ഗവർണർക്ക് പരാതി നൽകി. വിവാദമായ പദ്ധതി പ്രദേശം അനിൽ അക്കരയും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു.

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയിൽ കമ്മീഷൻ ഏജന്‍റായി പ്രവർത്തിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ ഇടപാടിൽ ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചെന്നായിരുന്നു സ്വപ്നയുടെ മൊഴി. യു എ ഇ റെഡ് ക്രെസന്‍റ് അതോറിറ്റിയുടെ 20 കോടി രൂപയുടെ സഹായം ഉപയോഗിച്ചാണ് വടക്കാഞ്ചേരിയിൽ സർക്കാരിന്‍റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. എന്നാൽ ഈ സഹായം സ്വീകരിച്ചത് തന്നെ നിയമ വിരുദ്ധമാണെന്ന് അനിൽ അക്കര എം എൽ എ ചൂണ്ടികാണിക്കുന്നു. റെഡ് ക്രോസാണ് യുഎഇ റെഡ് ക്രെസന്‍റിന്‍റെ മാതൃ സ്ഥാപനം. റെഡ് ക്രോസ് ഇന്ത്യ വഴി മാത്രമേ യുഎഇ സ്ഥാപനത്തിന് ഇവിടെ മുതൽ മുടക്കാനാകൂ. ഇത് മറികടന്ന് സ്ഥലം എം എൽ എ ആയ തന്നെ പോലും അറിയിക്കാതെയാണ് ഈ പദ്ധതി തുടങ്ങിയതെന്ന് അനിൽ അക്കര പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.സി. മൊയ്തീൻ എന്നിവരുടെ അറിവോടെയാണ് നടപടികൾ ഉണ്ടായതെന്നും അനിൽ അക്കര അരോപിച്ചു.

സർക്കാർ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമിക്കാൻ ആദ്യം ഹാബിറ്റാറ്റിനെയാണ് ഏൽപ്പിച്ചത്. അവർ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയ ശേഷമാണ് അട്ടിമറി ഉണ്ടായത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഗവർണറെ സമീപിച്ചതെന്നും അനിൽ അക്കര അറിയിച്ചു.

Comments (0)
Add Comment