പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Jaihind Webdesk
Wednesday, June 26, 2019

കൊല്ലം അഞ്ചലില്‍ ആത്മഹത്യ ചെയ്ത പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി പലതവണ ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ലൈംഗികപീഡനം മൂലമുണ്ടായ മാനസികവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനേയും അയല്‍വാസിയേയും പൊലീസ് അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചല്‍ ഇടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായി. അഞ്ചല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ രതീഷിനെയും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശരതിനെയും പിടികൂടിയത്. ഒരുവര്‍ഷത്തോളമായി ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസികവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
രാസപരിശോധന ഫലങ്ങള്‍ ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.