കൊവിഡില്‍ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റി ; തുറന്ന് സമ്മതിച്ച് അമിത് ഷാ

Jaihind News Bureau
Tuesday, June 9, 2020

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന് തുറന്നുസമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  അതിഥി തൊഴിലാളികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിലും കേന്ദ്രത്തിന് പിഴവ് സംഭവിച്ചതായും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കൊവിഡിനെതിരായ പോരാട്ടത്തിലാണ്. എല്ലാവരോടും ചേർന്ന് പ്രവർത്തിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തിലും നിയന്ത്രണത്തിലും കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങളില്‍ വീഴ്ച സംഭവിച്ചിരിക്കാം. കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ ഞങ്ങളുടെ ഉദ്ദേശം വ്യക്തമായിരുന്നു – അമിത് ഷാ പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ വീഴ്ചയ്ക്ക് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി തടിയൂരാനും അമിത് ഷാ ശ്രമിച്ചു. വിർച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.  കേന്ദ്രത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കോണ്‍ഗ്രസ് നിരന്തരമായി മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രം അത് മുഖവിലക്കെടുക്കാന്‍ തയാറായിരുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ നിസംഗതയാണ് രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്.