സി.ബി.ഐ വിവാദ സ്ഥലംമാറ്റങ്ങള്‍ അലോക് വര്‍മ്മ റദ്ദാക്കിയെന്ന് സൂചന

Jaihind Webdesk
Wednesday, January 9, 2019

Alok-Kumar-Verma

ന്യൂദല്‍ഹി: സി.ബി.ഐ ഡയറ്കടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന കാലത്തെ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയതായി സൂചന. സിബിഐ ഡയറക്ടര്‍ ആലോക് വര്‍മയ്‌ക്കെതിരായ ആരോപണത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ (സിവിസി) റിപ്പോര്‍ട്ട് ഉന്നതസമിതി പരിഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്.

യോഗം 45മിനിട്ടോളം നീണ്ടു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖര്‍ഗെയും സുപ്രീംകോടതി ജഡ്ജി എ.കെ.സിക്രിയും പങ്കെടുത്തു. ആലോക് വര്‍മയുടെ ഭാഗം കേള്‍ക്കണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വര്‍മ്മയ്ക്ക് അവസരം നല്‍കണം. ഒക്ടോബര്‍ 23, 24 തീയതികളില്‍ സിബിഐയില്‍ ഉണ്ടായ സംഭവങ്ങള്‍ അന്വേഷിക്കണമെന്നും ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മ്മയ്ക്ക് നഷ്ടമായ 77 ദിവസങ്ങള്‍ നല്‍കണമെന്നും ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം യോഗത്തില്‍ വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ സമിതി വ്യാഴാഴ്ച വീണ്ടും യോഗം ചേരും.

ചൊവ്വാഴ്ചയാണു സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. എന്നാല്‍, നയപരമായി പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് കോടതി വര്‍മയ്ക്കു പദവി തിരികെ നല്‍കിയത്. ഡയറക്ടറെ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ അധികാരമുള്ള ഉന്നത സമിതി ഒരാഴ്ചയ്ക്കകം ചേരണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം, മുന്‍ സുപ്രീം കോടതി ജഡ്ജി എ.കെ. പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലാണു സിവിസി അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ ആലോക് വര്‍മയ്ക്ക് അനുകൂലവും ചിലതു പ്രതികൂലവുമാണെന്നു കോടതി വിലയിരുത്തിയിരുന്നു. അതിനിടെ, സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവു ഇറക്കിയ ഉത്തരവുകള്‍ ആലോക് വര്‍മ റദ്ദാക്കി.