ബന്ധുനിയമനത്തിൽ ജലീലിന്‍റെ വാദങ്ങൾ പൊളിയുന്നു; കൂടുതൽ തെളിവുകൾ പുറത്ത്

Jaihind Webdesk
Saturday, November 10, 2018

ബന്ധുനിമയന വിവാദത്തിൽപ്പെട്ട മന്ത്രി കെടി ജലീലിനെതിരെ പുതിയ നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ സ്വകാര്യ സർവ്വകലാശാലയുടെ ക്യാമ്പസ് തുടങ്ങുവാൻ മന്ത്രി കെടി ജലീൽ അനുമതി നൽകിയത് അഴിമതിക്ക് വേണ്ടിയാണെന്നു കാണിച്ച് കെഎൻഎ ഖാദർ എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി. അതിനിടെ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടില്ലാത്ത പിജിഡിബിഎ സർട്ടിഫിക്കറ്റാണ് കെടി അദീബ് വിദ്യാഭ്യാസ യോഗ്യതയായി അപേക്ഷക്കൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.

ബന്ധുനിമയമന വിവാദത്തിന് പിന്നാലെ മന്ത്രി കെടി ജലീലിനെതിരെ കൂടുതൽ പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത്. കൊച്ചിയിൽ സ്വകാര്യ സർവ്വകലാശാലയുടെ ഓഫ് ക്യാമ്പസ് തുടങ്ങാൻ ജലിൽ അനുമതി നൽകിയെന്നും, വലിയ അഴിമതിക്കു സാധ്യതയുള്ളതിനാൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെഎൻഎ ഖാദർ എംഎൽഎ രംഗത്തെത്തി. ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസ് കൊച്ചിയിൽ തുടങ്ങാനാണ് അനുമതി. യുജിസി ചട്ടപ്രകാരം സ്വകാര്യ സർവ്വകലാശാലകൾക്ക് ഇതര സംസ്ഥാനങ്ങളിൽ ക്യാമ്പസ് തുടങ്ങാനാകില്ല. നിയമങ്ങൾ മറികടന്ന് നടത്തിയ നടപടികളിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എൻ എ ഖാദർ മുഖ്യമന്ത്രിക്ക പരാതി നൽകിയിട്ടുണ്ട്.

അതിനിടെ കെടി ജലീലിന്റെ ബന്ധുവായ കെടി അദീബിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും പരാതികളുയർന്നിട്ടുണ്ട്. ബിടെകിന് പുറമെ പിജിഡിബിഎ യോഗ്യതയും അദീബിനുണ്ടെന്ന ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ ചെയർമനടക്കമുള്ളവർ ഇദ്ദേഹത്തിനുവേണ്ടി വാദിച്ചിരുന്നത്. എന്നാൽ അദീബിന്റെ കൈവശമുള്ള അണ്ണാമലൈ സർവ്വകലാശാലയുടെ സർടിഫിക്കറ്റിന് കേരളത്തിലെ ഒരുസർവ്വകലാശാലയും തുല്യതാ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാരണത്താൽ അദീബ് തന്റെ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പിജി ഡിപ്ലോമയുടെ തുല്യതാ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ല.

ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് സഹീർ കാലടി എന്ന അപേക്ഷകനെ ഇന്‍റർവ്യു ബോർഡ് അയോഗ്യനാക്കിയത്. ഇതുകൂടാതെ സ്വകാര്യ ബാങ്കിൽനിന്നും ഡെപ്യുട്ടേഷനിൽ അദീബിനെ ജനറൽമാനേജറായി നിയമിക്കാൻ തടസ്സമില്ലെന്നുള്ള നിയമോപദേശത്തിന്റെ തെളിവുകളും ഹാജരാക്കാനായിട്ടില്ല.
അതിനിടെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽമാനേജർ തസ്തികയിലേക്കൂള്ള ഇന്റർവ്യുവിൽ പങ്കെടുത്ത് യോഗ്യതയില്ലെന്ന് കണ്ടെത്തി ഒഴിവാക്കിയ രണ്ട് പേർക്ക് കോർപറേഷനിൽ തന്നെ സർക്കാർ ജോലി നൽകി. ഒഴിവാക്കിയ ഒരാളെ എറണാകുളം മേഖലാ ഒഫീസിലും, മറ്റൊരാളെ കാസർക്കോട് മേഖലാ ഒഫീസിലുമാണ് ഡെപ്യുട്ടി ജനറൽമാനേജർമാരാക്കി നിയമനം നൽകിയത്. ഒഴിവാക്കപ്പെട്ടവർക്ക് പരാതിയുണ്ടാകാതിരിക്കാനാണ് ഇവർക്ക് നിയമനം നൽകിയെതന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.