തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു

Jaihind News Bureau
Friday, December 6, 2019

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു. 4 പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ചയോടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 വയസ്സുകാരായ മൂന്നു പേരും 26 കാരനായ ഒരാളുമാണ് സംഭവത്തില്‍ പിടിയിലായത്.

പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്നും ദൈവനീതി നടപ്പായെന്നും കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പ്രതികരിച്ചു.

പ്രതികള്‍ കൊല്ലപ്പെട്ടതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും പൊലീസ് നല്ല കാര്യമാണ് ചെയ്തതെന്നും പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും ‘നിര്‍ഭയ’യുടെ അമ്മ പ്രതികരിച്ചു. ഏഴ് വര്‍ഷമായി നീതിക്കായി അലഞ്ഞിട്ടും ഫലം കിട്ടുന്നില്ലെന്നും മുട്ടാത്ത വാതിലുകളില്ലെന്നും അവര്‍ പറഞ്ഞു.

പ്രതികള്‍ കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ് പെണ്‍കുട്ടികള്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന രംഗങ്ങളാണ് തെലുങ്കാനയിലെങ്ങും.