തൊഴിലാളി വർഗ പാർട്ടിയിൽ മുതലാളിക്ക് അംഗമാവാമോ എന്ന സംശയം ഇനി വേണ്ട. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ ചൈനയിൽ ശതകോടീശ്വരനും ഇ- വ്യാപാര കമ്പനിയായ ആലിബാബയുടെ സ്ഥാപകനുമായ ജാക് മാ പാർട്ടിയംഗമാണെന്ന വിവരം പാർട്ടി മുഖപത്രമായ ചൈനീസ് പീപ്പിൾസ് ഡെയ്‌ലിയാണ് പുറത്തു വിട്ടത്.
ഏറ്റവും ധനികനായ കമ്മ്യൂണിസ്റ്റുകാരൻ ആരെന്ന ചോദ്യത്തിന് ഉത്തരം ജാക് മാ എന്നു തന്നെയായിരിക്കും. ഇ- വ്യാപാര കമ്പനിയായ ആലിബാബയുടെ സ്ഥാപകനും നിലവിലെ ചെയർമാനുമാണ് അദ്ദേഹം. 3600 കോടിയാണ് അദ്ദേഹത്തിന്‍റെ ആസ്തി. ആലിബാബ ഗ്രൂപ്പിന് 42000 കോടിയുടെ ആസ്തിയുമുണ്ട്. ജാക് മാ കൂടി എത്തുന്നതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ‘ശതകോടീശ്വര ഫ്രാക്ഷൻ’ കൂടുതൽ വിപുലമാവും.
റിയൽ എസ്‌റ്റേറ്റ് രംഗത്തെ ഭീമനായ ഷൂ ജിയായിൻ, വാൻഡൻ ഗ്രൂപ്പ് ഉടമ വാങ് ജിയാലിൻ തുടങ്ങി ഒട്ടേറെ കോടീശ്വരൻമാരാണ് മായ്ക്ക് പുറമേ പാർട്ടി അംഗത്വം നേടിയിട്ടുള്ളത്. മുമ്പ് തനിക്ക് രാഷ്ട്രീയ താൽപര്യം ഇല്ലെന്നു പറഞ്ഞ ജാക് മാ അടുത്ത വർഷം ആലിബാബയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കെയാണ് പാർട്ടി മുഖപത്രം തന്നെ അദ്ദേഹത്തിന്‍റെ പാർട്ടി അംഗത്വം സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്ര മസിലുപിടുത്തം ഉപേക്ഷിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാത പിന്തുടരാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വരും കാലത്ത് തയ്യാറാവുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം.