‘കമലിനെ കേരളം മറക്കില്ല , സിനിമകളുടെ പേരിലല്ല ഈ ദാസ്യവേലയുടെ പേരില്‍’ ; വിമർശിച്ച് ആലപ്പി അഷറഫ്

Jaihind News Bureau
Friday, February 19, 2021

 

തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ദേശീയ പുരസ്കാര ജേതാവ് സലിംകുമാറിനേയും ഷാജി എൻ കരുണിനേയും ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. നടപടിയില്‍  സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. സലിംകുമാറിനെയും, ഷാജി.എൻ. കരുണിനെയും സുരേഷ് ഗോപിയേയും ഒഴിവാക്കിയാണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇടതുപക്ഷ സംസ്ക്കാരം നിലനിർത്തേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

കമലിന്‍റെ പ്രവർത്തികൾ കാണുമ്പോൾ ഈ മനുഷ്യന്‍റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കലാകാരൻ രാഷ്ട്രീയം നോക്കിയാണോ പ്രവർത്തിക്കേണ്ടതെന്ന് ചോദിച്ച അഷറഫ് കമലിനെ കേരളം ഒരിക്കലും മറക്കില്ലെന്നും എന്നാല്‍ അത് അദ്ദേഹത്തിന്‍റെ സിനിമകളുടെ പേരിലായിരിക്കില്ല മറിച്ച് ഈ ദാസ്യവേലയുടെ പേരിലായിരിക്കുമെന്നും പറയുന്നു.

ആലപ്പി അഷ്റഫിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

കമൽ ഒരു കറുത്ത അദ്ധ്യായം.
രാഷ്ട്രീയം നോക്കി സലിംകുമാർ,
വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ
ഈഗോ കൊണ്ട് സലിം അഹമ്മദ്,
കുടാതെ നാഷണൽ അവാർഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു MP യുമായ സുരേഷ് ഗോപി,
( കമൽ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് )
ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്.
IFFK യുടെ ഇടത്പക്ഷ സംസ്കാരം നിലനിർത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിർത്തിയാണോ….?
ഒരു കലാകാരൻ ഇങ്ങിനെയാണോ പെരുമാറേണ്ടത്…?
കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..?
ഇങ്ങേര് കാണിക്കുന്ന പ്രവർത്തികൾ കാണുമ്പോൾ ഈ മനഷ്യൻ്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.
ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്കാരിക നായകർക്കും ലഭിച്ച അംഗീകാരങ്ങ ളും പുരസ്കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓർക്കണം.
ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാർ,അവരൊക്കെ നാടിൻ്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിർത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.
ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ….?
എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ
കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.
ആലപ്പി അഷറഫ്