സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പോലീസ് കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, October 11, 2023

സ്വര്‍ണക്കടത്ത് സംഘത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീന്‍ പോലീസ് കസ്റ്റഡിയില്‍. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തിച്ചു. മലപ്പുറം എസ്പി ഉടന്‍ ഡിവൈഎസ്പി ഓഫീസിലെത്തി ചോദ്യംചെയ്‌തേക്കും. നവീനിന്റെ ഫ്‌ളാറ്റില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസില്‍ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരന്‍ ഷറഫലിയുടെ ഫോണില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് അസിസ്റ്റന്റ് കമാണ്ടന്റ് ആണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്. ഓരോ തവണ സ്വര്‍ണ്ണം കടത്തുന്നതിനും ഇയാള്‍ പണം കൈപ്പറ്റിയെന്നാണ് പോലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വിവരം കൈമാറാനായി രഹസ്യ ഫോണ്‍ നമ്പറുകളും ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. കൊടുവള്ളി സ്വദേശിയായ റഫീഖിന് വേണ്ടി സ്വര്‍ണ്ണം കടത്താനാണ് ഇവര്‍ ഒത്താശ ചെയ്തിരുന്നത്.