തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടലംഘനം, വിവാദം : പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ബോർഡിങ്​ പാസുകൾ എയർ ഇന്ത്യ പിൻവലിക്കുന്നു

Jaihind Webdesk
Monday, March 25, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിയുടേയും ചിത്രം ഉള്‍പ്പെടുത്തിയ ‘വൈബ്രന്‍റ് ​ ഗുജറാത്ത്’  എന്ന​ പരസ്യം പതിച്ച ബോർഡിങ്​ പാസുകൾ എയർ ഇന്ത്യ പിൻവലിക്കുന്നു. ഇത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടത്തിൻെറ ലംഘനമാണെന്ന യാത്രക്കാരന്‍റെ പരാതിയെ തുടർന്നാണ്​ ബോർഡിങ്​ പാസുകൾ പിൻവലിക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നത്​.

മുൻ പഞ്ചാബ്​ ഡിജിപി ശശികാന്ത്​ ആണ്​ ഈ വിഷയം ഉയർത്തിക്കാട്ടിയത്​. ഡൽഹിയിൽ നിന്ന്​ ചണ്ഡിഗഡിലേക്കുള്ള യാത്രാമദ്ധ്യേ ഡൽഹി വിമാനത്താവളത്തിൽ നിന്ന്​ കിട്ടിയ ബോർഡിങ്​ പാസിന്‍റെ ഫോ​ട്ടോ സഹിതം അദ്ദേഹം ട്വീറ്റ്​ ചെയ്തു.

‘എന്‍റെ എയര്‍ ഇന്ത്യ  ബോർഡിങ്​ പാസിൽ നരേന്ദ്ര മോദി, വൈബ്രൻറ്​ ഗുജറാത്ത്,  വിജയ് രൂപാണി എന്നിവരുടെ ചിത്രങ്ങള്‍ എടുത്തു കാണിക്കുന്ന വിധത്തില്‍ പ്രാധാന്യത്തോടെ അച്ചടിച്ച് കാണപ്പെടുന്നു. പാസിന്‍റെ ചിത്രം ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.  ഇതൊന്നും കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്യാത്ത തെരഞ്ഞെടുപ്പ്​ കമ്മീഷന്​ വേണ്ടി എന്തിനാണ്​ നമ്മൾ പൊതു പണം കളയുന്നത്’ ​ അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ പൊതുഗതാഗതത്തിനുള്ള ബസ്, ട്രെയിന്‍ എന്നിവിടങ്ങളിലോ അതില്‍ നല്‍കുന്ന ടിക്കറ്റുകളിലോ ഒന്നും തന്നെ  സർക്കാറിന്‍റെ നേട്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങളോ പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ  ചിത്രങ്ങള്‍ പതിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.  ഇത്തരം ടിക്കറ്റുകൾ നൽകരുതെന്ന്​ കഴിഞ്ഞ ആഴ്ച ഇന്ത്യൻ റെയിൽവെയും വിവിധ സോണുകൾക്ക്​ നിർദേശം നൽകിയിരുന്നു​.  പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമ്മീഷനിൽ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.​