ഇഎംസിസി കരാറില്‍ വ്യവസായ വകുപ്പിനോട് കൊമ്പുകോർത്ത് ഫിഷറീസ് ; കരാർ ഒപ്പിട്ടത് അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

Jaihind News Bureau
Saturday, February 20, 2021

 

തിരുവനന്തപുരം : ഇഎംസിസി കരാറിലെ അവകാശവാദങ്ങള്‍ തെളിവുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊളിച്ചതോടെ അങ്കലാപ്പിലായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മന്ത്രിക്ക് തുറന്നു സമ്മതിക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ വീഴ്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമങ്ങള്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ തമ്മിലുള്ള കൊമ്പുകോർക്കലിലേക്കും നയിക്കുകയാണ്.

ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ ആരോപണം കേള്‍ക്കേണ്ടിവന്നുവെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ വാദം. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ മുഖ്യമന്ത്രിക്ക് കീഴില്‍ വരുന്നതാണ്. പദ്ധതിക്ക് നാല് ഏക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ്. ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐഎൻസിയാണ്. ഇക്കാര്യങ്ങളിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.  എന്നാല്‍ കെഎസ്ഐഎന്‍എല്‍ ഇഎംസിസിയുമായി കരാർ ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മന്ത്രിയും ബന്ധപ്പെട്ട സെക്രട്ടറിയും അറിയാതെ ഇത് എങ്ങനെ സാധിക്കുമെന്നും ചോദ്യം ഉയരുന്നു.

ഇഎംസിസിയുമായി ചർച്ചയേ നടത്തിയിട്ടില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് പ്രതിപക്ഷ നേതാവ് തെളിവുകള്‍ പുറത്തുവിട്ടതോടെ  നിലപാട് തിരുത്തേണ്ടിവന്നു. ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. ധാരണാപത്രം ഒപ്പിട്ടതുകൊണ്ടുമാത്രം പദ്ധതി നടപ്പിലാവില്ലെന്നും മേഴ്സിക്കുട്ടിയമ്മ ന്യായീകരിച്ചു. ഇതിന് പിന്നാലെ മുഖം രക്ഷിക്കാന്‍ നടത്തിയ നീക്കമാണ് വകുപ്പുകള്‍ തമ്മിലുള്ള ഉരസലിലേക്ക് വഴിവെച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ  5000 കോടി രൂപയുടെ കരാറിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കേരളത്തിന്‍റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.