മുഖ്യമന്ത്രി പിണറായിക്കും മക്കള്‍ക്കും പിന്നാലെ മരുമകന്‍ മന്ത്രി റിയാസും ദുബായിലേക്ക് ; മുഖ്യമന്ത്രിയുടെ മുഴുവന്‍ കുടുംബാംഗങ്ങളും ഒരേ സമയം വിദേശത്ത് അപൂര്‍വം

Elvis Chummar
Monday, January 31, 2022

ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരാഴ്ചയിലധികം നീണ്ട യുഎഇ സന്ദര്‍ശനത്തിലേക്ക്, രണ്ട് മക്കള്‍ക്ക് പിന്നാലെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസും ദുബായിലേക്ക് എത്തുന്നു. അമേരിക്കയില്‍ നിന്ന് ഭാര്യ കമലത്തോടൊപ്പം ദുബായിലെത്തിയ പിണറായിയ്‌ക്കൊപ്പമാണ് ഇപ്പോള്‍ രണ്ടു മക്കളും ഉള്ളത്. അബുദാബിയില്‍ ജോലി ചെയ്യുന്ന മകനും കുടുംബവും നേരത്തെ ദുബായിലെത്തി. കൂടാതെ, കഴിഞ്ഞ ദിസവം മകളും ഇന്ത്യയില്‍ നിന്ന് ദുബായിലെത്തിയിരുന്നു. ഇനി മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും കൂടി ദുബായില്‍ എത്തുന്നതോടെ, മുഖ്യമന്ത്രിയുടെ മുഴുവന്‍ കുടുംബാംഗങ്ങളും ഒരേസമയം ഇനി വിദേശത്താകും.

എക്സ്പോ 2020 കേരള പവലിയന്‍ ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള ‘കേരള വീക്കി’ല്‍ പങ്കെടുക്കാനാണ് മന്ത്രി കൂടിയായ പി.എ മുഹമ്മദ് റിയാസ് എത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ മന്ത്രി പി.രാജീവും ദുബായിലേക്ക് എത്തുന്നുണ്ട്. ഇതിനിടെ, പാര്‍ട്ടി ചാനലിന്റെ ബിസിനസ് മീറ്റിലും ഇവര്‍ സംബന്ധിക്കും. ഇതിനായി ചാനല്‍ ചെയര്‍മാന്‍ കൂടിയായ നടന്‍ മമ്മൂട്ടിയും ദുബായിലെത്തുന്നുണ്ട്. ഒരാഴ്ചയിലധികം നീണ്ട യുഎഇ സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി കേരളത്തിലേക്ക് മടങ്ങണമെന്ന് ഇതികനം കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നിവയുടെ പ്രവാസി കൂട്ടായ്മകളായ ഒഐസിസി, ഇന്‍കാസ്, കെ എം സി സി തുടങ്ങിയ സംഘടനകളും സന്ദര്‍ശനം സംബന്ധിച്ച പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വേള്‍ഡ് എക്സ്പോയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 4ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. നിയമ-വ്യവസായ മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കേരള ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായം) എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. കേരള പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെയാണ് കേരള വീക്ക് നടക്കും. ഇതിനിടെ, മുഖ്യന്ത്രി യുഎഇയിലെ വിവിധ വകുപ്പ് മന്ത്രിമാരുമായി ഫെബ്രുവരി മൂന്നിന് കൂടിക്കാഴ്ച നടത്തും.

പ്രധാന പരിപാടികള്‍ ഇങ്ങനെ :

*മുഖ്യമന്ത്രി പിണറായി വിജയനും നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവും ഫെബ്രുവരി 5ന് രാവിലെ 11ന് ദുബായ് ഒബ്റോയ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കും.

*മുഖ്യമന്ത്രി പിണറായി വിജയന് നോര്‍ക റൂട്ട്സ് ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ ഒരുക്കുന്ന ‘സ്നേഹപൂര്‍വം സാരഥിക്ക്’ സ്വീകരണം ഫെബ്രുവരി 5ന് വൈകുന്നേരം 6 മണിക്ക് ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്റില്‍.

*വേള്‍ഡ് എക്സ്പോയിലെ കേരള പവലിയനില്‍ ഫെബ്രുവരി 7ന് സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍.

*ദുബായ് ദെയ്‌റ ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ ഫെബ്രുവരി 8ന് വൈകുന്നേരം 6 മണിക്ക് ഒഡേപെക് എംപ്ളോയേഴ്സ് കണക്റ്റിവിറ്റി സെഷന്‍.

*കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ദുബായ് കോണ്‍റാഡ് ഹോട്ടലില്‍ ഫെബ്രുവരി 9ന് വൈകുന്നേരം 6.30ന് കേരള വിനോദ സഞ്ചാര ബോധവത്കരണ സെഷന്‍.