‘സംസ്ഥാനത്തിന്‍റെ വികസനപദ്ധതികളെ ബാധിക്കുന്നു’; സ്വർണ്ണക്കടത്ത് കേസ് ബംഗളുരുവിലേക്ക് മാറ്റുന്നതിനെ എതിർത്ത് കേരളം

Jaihind Webdesk
Saturday, October 1, 2022

 

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്‍റെ വിചാരണ നടപടികള്‍ ബംഗളുരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ നടപടികള്‍ ബംഗളുരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തില്‍ വിപരീതമായ ഫലം ഉണ്ടാക്കുമെന്ന് സംസ്ഥാന സർക്കാർ തടസ ഹർജിയില്‍ പറയുന്നു.

കേസിന്‍റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ജയില്‍ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ ഇഡി കുറ്റപ്പെടുത്തിയിരുന്നു. ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ പി.എസ് സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. എതിര്‍കക്ഷി ആക്കിയിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

എന്നാല്‍ സാങ്കല്‍പ്പിക ആശങ്കയാണ് ഇഡിയുടേതെന്നും കേസില്‍ കക്ഷികള്‍ ആക്കാതെയാണ് ഉന്നത രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ഇഡി ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന സർക്കാർ പറയുന്നു. അന്വേഷണ ഏജന്‍സികളുടെ ഇത്തരം പ്രവര്‍ത്തനം സംസ്ഥാനത്തെ വികസന പദ്ധതികളെ ബാധിച്ചിട്ടുണ്ടെന്നും വാദമുയർത്തിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.