നടിയെ അപമാനിച്ച സംഭവം ; പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

Jaihind News Bureau
Saturday, December 19, 2020

 

കൊച്ചി : കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.  മെട്രോ സ്റ്റേഷനിലെ സി.സി.ടി.വിയില്‍ നിന്നുളള ദൃശ്യമാണ് പുറത്തുവന്നത്. പ്രതികള്‍ വന്നതും തിരിച്ചുപോയതും മെട്രോ ട്രെയിനിലായതിനാല്‍ പൊലീസ് ആലുവ വരെയുള്ള വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ചിത്രങ്ങള്‍ ലഭിച്ചത്.

അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നടിയുടെ വെളിപ്പെടുത്തലില്‍ വസ്തുതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ദൃശ്യങ്ങളില്‍ പ്രതികളുടെ മുഖം വ്യക്തമല്ല.  ഈ സാഹചര്യത്തില്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നതോടെ  എത്രയുംവേഗം പ്രതികളെ കണ്ടെത്താമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. പ്രതികള്‍ പേരുവിവരങ്ങളോ മൊബൈല്‍ നമ്പരോ നല്‍കാതെ മാളിലെ സെക്യൂരിറ്റിയെ കബളിപ്പിച്ചിരുന്നു. മറ്റൊരാള്‍ക്കൊപ്പമെന്ന വ്യാജേനയാണ് ഉള്ളില്‍ കടന്നത്.

വ്യാഴാഴ്ച വൈകിട്ടാണ് ഷോപ്പിംഗിനായി കുടുംബത്തോടൊപ്പമെത്തിയ നടിയെ രണ്ടു യുവാക്കള്‍ അപമാനിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടി സംഭവം വെളിപ്പുെടുത്തിയതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.  നടിയുടെ അമ്മയുടെ മൊഴി  ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിംഗ് തിരക്കിലായ നടിയുടെ മൊഴി 22 നുശേഷം രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.