ബോളിവുഡ് നടി ഊര്‍മിള മതോണ്ഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Wednesday, March 27, 2019

Urmila-Matondkar

ബോളിവുഡ് താരം ഊർമിള മതോണ്ഡ്കർ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍റെ ആശയങ്ങളോട് താല്‍പര്യമുളളതിനാലാണ് തീരുമാനമെന്ന് ഊർമിള പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്ന സംഭവങ്ങള്‍ക്ക് നാമെല്ലാം സാക്ഷികളാണ്. പ്രതികരിക്കാനുള്ള അവകാശം പോലും വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ ആശയം ഉയര്‍ത്തിപ്പിടിക്കേണ്ടത് ആവശ്യമാണെന്നും ഊര്‍മിള വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇപ്പോഴും സഹിഷ്ണുതയ്ക്കും പൌരാവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണെന്നും അവര്‍ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയാണ് ഊര്‍മ്മിള രാഹുലിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവര്‍ക്കൊപ്പമാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.