ഡ്രൈവർ ഉറങ്ങി; കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറി അപകടം

Jaihind Webdesk
Thursday, October 26, 2023

 

കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. റോഡരികിലെ കെട്ടിടത്തിന്‍റെ സംരക്ഷണഭിത്തിയുടെ ഭാഗവും തകര്‍ന്നു.

ഇടിച്ച ശേഷം വാഹനം തൊട്ട് അടുത്തുള്ള ഓടയിലേയ്ക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.