എറണാകുളത്ത് വീണ്ടും കൊലപാതകം; നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Jaihind Webdesk
Sunday, August 28, 2022

 

എറണാകുളം: നെട്ടൂരിൽ യുവാവിനെ അതി ക്രൂരമായി തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വാദേശി അജയ്കുമാറിനെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട അജയിയും പ്രതി സുരേഷിന്റെ ഭാര്യയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന്റെ കാരണമെന്നു പോലീസ് പറയുന്നു. മരണം ഉറപ്പാക്കും വരെ സുരേഷ് മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ സുരേഷിൻ്റെ ഭാര്യയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ത്താവായ പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തുകയായിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍, അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണു മരിച്ചു. തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു. സ്പാനര്‍ ഉപയോഗിച്ചാണ് തലയ്ക്കടിച്ചത്.