വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിംഗ്സിനും 272 റൺസിനുമാണ് രാജ്കോട്ടിൽ ഇന്ത്യ, വിൻഡീസിനെ പരാജയപ്പെടുത്തിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ജയമാണ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടം കൈയ്യൻ സ്പിന്നർ കുൽദീപ് യാദവാണ് രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിൻഡീസിനെ തകർത്തത്. മത്സരത്തിന്റെ മൂന്നാംദിനമായ ഇന്ന് 14 വിൻഡീസ് വിക്കറ്റുകൾ വീണു. മൂന്നാം ദിനം 94/6 എന്ന നിലയിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ വിൻഡീസിന് 87 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. തുടർന്ന് 468 റൺസ് കടവുമായി ഫോളോ ഓണിന് അയക്കപ്പെട്ട വിൻഡീസിന് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബോളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 83 റൺസെടുത്ത ഓപ്പണർ കീറൻ പവലാണ് ഇന്ത്യൻ ബോളിംഗിനെ അല്പമെങ്കിലും ചെറുത്തുനിന്നത്.
അഞ്ച് വിക്കറ്റുമായി യുവസ്പിന്നർ കുൽദീപ് യാദവ് ബോളിംഗിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, 3 വിക്കറ്റെടുത്ത ജഡേജയും വിൻഡീസ് തകർച്ച വേഗത്തിലാക്കി. നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അരങ്ങേറ്റ താരം പ്രിഥ്വി ഷാ, വിരാട് കോഹ്ലി, ജഡേജ എന്നിവരുടെ സെഞ്ചുറികളുടേയും, പുജാര, പന്ത് തുടങ്ങിയവർ നേടിയ അർധ സെഞ്ചുറികളുടേയും കരുത്തിൽ 649/9 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. ആദ്യ മത്സരം ജയിച്ചതോടെ പരമ്ബരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഒക്ടോബർ 12-ആം തീയതി രാജ്കോട്ടിലാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുക.