തിരുവനന്തപുരം: ബി.ജെ.പിയുടെ മുതിർന്ന നേതാവും എം.എൽ.എയുമായ ഒ രാജഗോപാലിനെ പുകഴ്ത്തിയ മന്ത്രിഎ.കെ ബാലനെതിരെ അതിരൂക്ഷ വിമർശനവുമായി സി.പി.എം അനുകൂലികൾ രംഗത്ത്. ഒ രാജഗോപാലിന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അദ്ദേഹത്തിന്റെ ജന്മഗ്രാമമായ മണ്ണപ്പാടം കണ്ണൂരിലെ ശ്രീകാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച നവതി സ്മൃതി മണ്ഡപത്തിന്റെയും വിവാഹമണ്ഡപത്തിന്റെയും സമർപ്പണച്ചടങ്ങിലാണ് എ.കെ ബാലൻ രാജഗോപാലിനെ പ്രകീർത്തിച്ച് പ്രസംഗിച്ചത്.
വി.എസ് അച്യുതാനന്ദൻ, കെ.ആർ ഗൗരിയമ്മ എന്നിവരെ പോലെ സമാദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് രാജഗോപാലെന്നായിരുന്നു മന്ത്രി ബാലൻ വ്യക്തമാക്കിയത്. മുഖ്യധാരാ മാധ്യമങ്ങളിലടക്കം മന്ത്രിയുടെ പ്രസംഗം പ്രസിദ്ധീകരിച്ചേതാടെയാണ് സോഷ്യൽ മീഡിയയിൽ സി.പി.എം അനുകൂലികൾ വിമർശനവുമായി രംഗത്ത് വന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ രാജഗോപാൽ നേമത്ത് നിന്നും തെരെഞ്ഞെടുക്കപ്പെട്ടത് സി.പി.എമ്മിന്റെ പിന്തുണയോടെയാണോ എന്നതരത്തിലുള്ള വിമർശനമാണ് ബാലന് നേരെ ഉയരുന്നത്. നേമത്ത് സി.പി.എം – ബി.ജെ.പി കൂട്ടുകെട്ടിനെ ചൊല്ലി അന്ന് തന്നെ വിവാദമുയര്‍ന്നിരുന്നു. ഇതിനുശേഷമാണ് അതിനെ സാധൂകരിക്കു രീതിയിൽ സി.പി.എം കേന്ദ്രക്കമ്മറ്റിയംഗവും മന്ത്രിയുമായ എ.കെ ബാലന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്.
സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗവും എം.എൽ.എയുമായ പി.കെ ശശി പീഡനാരോപണത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് അതേ ജില്ലയിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവായ എ.കെ ബാലനും വിവാദത്തിലകപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. പി.കെ ശശിക്കെതിരായ ആരോപണത്തിന് പിന്നിൽ വി.എസ് വിഭാഗത്തിലെ ചിലരുടെ ആരോപണവും നിലനിൽക്കുന്നതിനിടെയാണ് ബാലൻ പ്രസംഗത്തിലൂടെ സ്വയം വിവാദത്തിൽ അകപ്പെട്ടത്. വരും ദിവസങ്ങളിൽ സി.പി.എമ്മിൽ ചൂടേറിയ ചർച്ചകൾക്ക് ബാലന്റെ പ്രസംഗവും വഴിവെച്ചേക്കാം.