ആന്തൂര്‍ നഗരസഭയെ ന്യായീകരിച്ച് കേരള സര്‍ക്കാരിന്‍റെ സത്യവാങ്മൂലം ; മൗനം നടിച്ച് ദുബായില്‍ മന്ത്രി ബാലന്‍റെ വാര്‍ത്താസമ്മേളനം

Jaihind News Bureau
Thursday, July 18, 2019

ദുബായ് : ആന്തൂരിലെ പ്രവാസി ആത്മഹത്യ വിഷയത്തില്‍, കൂടുതല്‍ പ്രതികരിക്കാതെയും പഴയ നിലപാട് ആവര്‍ത്തിച്ചും ദുബായില്‍ മന്ത്രി എ.കെ ബാലന്‍റെ വാര്‍ത്താസമ്മേളനം. അതേസമയം ആന്തൂര്‍ നഗരസഭയെ ന്യായീകരിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കാനും മന്ത്രി തയാറായില്ല. എന്നാല്‍ ആന്തൂര്‍, കേരള യൂണിവേഴ്‌സിറ്റി വിഷയങ്ങളിലെല്ലാം ഇടത് സര്‍ക്കാരിനെയും വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമാക്കിയുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യാ വിവാദത്തിന് ശേഷം ആദ്യമായി യു.എ.ഇയില്‍ എത്തിയ കേരളത്തിലെ ഒരു മന്ത്രിയാണ് ഇതേക്കുറിച്ച് മൗനം നടിച്ചത്. പകരം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി നിരവധി പദ്ധതികളുണ്ട്. പക്ഷേ അവ ഉപയോഗിക്കാനും പ്രവാസികള്‍ അറിയണമെന്ന് ബാലന്‍ ഉപദേശിച്ചു. പ്രവാസികള്‍ക്കായി സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്‍പുണ്ടായിരുന്ന പ്രയാസങ്ങള്‍ ഇപ്പോഴില്ല. ചില ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ പലപ്പോഴും മനപ്രയാസമുണ്ടാക്കുന്നു. ഇതൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ബോധവത്ക്കരണം ആവശ്യമാണ്. സമൂഹത്തിന്‍റെ ഇടപെടലും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഒരു അനാവശ്യ ഇടപെടലും ഇക്കാര്യത്തില്‍ നടത്തില്ലെന്ന പതിവ് പ്രസ്താവനകളും മന്ത്രി ആവര്‍ത്തിച്ചു.