കോട്ടയം ജില്ലയില്‍ ഇനി ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രം; അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന് പരാതി

Jaihind Webdesk
Wednesday, September 12, 2018

കോട്ടയം: പ്രളയകാലത്ത് കോട്ടയം ജില്ലയില്‍ ഉണ്ടായിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി നിലവിലുള്ളത് ഒരു ക്യാമ്പ് മാത്രം. ചങ്ങനാശേരി താലൂക്ക് മുനിസിപ്പൽ ടൗൺ ഹാളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. അതേസമയം ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവർക്ക് ഗവൺമെന്റ് അനുവദിച്ച 10,000 രൂപ ഇതുവരെ ലഭിച്ചില്ലെന്ന പരാതികളും ഉയരുന്നു.

ചങ്ങനാശേരി താലൂക്കിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ ക്യാമ്പ് മാത്രമാണ് ജില്ലയിൽ ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. 13 കുടുംബങ്ങളിലെ 47 അംഗങ്ങൾ ഇവിടെയുണ്ട്. ഇതില്‍ 12  പുരുഷന്‍മാരും 14 സ്ത്രീകളും 21 കുട്ടികളുമാണ് ഉള്ളത്. ഓഗസ്റ്റ് മാസത്തെ പ്രളയക്കെടുതി നേരിടാന്‍ 503 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചത്. 47,990 കുടുംബങ്ങളിലായി 1,59,144  പേർ ക്യാമ്പുകളില്‍ അഭയം തേടി. ഇതില്‍ 64,114 പേര്‍ പുരുഷന്മാരും 74,902 പേര്‍ സ്ത്രീകളും 20,228 പേര്‍ കുട്ടികളുമായിരുന്നു. എ.സി റോഡിന് ഇരുവശവും താമസിക്കുന്നവരാണ് നിലവിൽ ക്യാമ്പിലുള്ളവരില്‍ ഭൂരിഭാഗവും. ഇവരുടെ വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന് താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

https://www.youtube.com/watch?v=1uqWTFBcW9s

സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ വീടുകളുടെ നവീകരണം പുരോഗമിക്കുകയാണ്. ഇത് അവസാനിക്കുന്നതോടെ ഈ ക്യാമ്പും പിരിച്ചുവിടും.     എന്നാൽ പ്രളയക്കെടുതി അനുഭവിച്ചവർക്ക് സർക്കാർ അനുവദിച്ച 10,000 രൂപ നൽകുന്നതിലുള്ള അനിശ്ചിതത്വം തുടരുകയാണ്. രണ്ട് ദിവസത്തില്‍ കൂടുതല്‍ വീട്ടിനകത്ത് വെള്ളം കെട്ടിനിന്നവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രളയബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്യുന്നത്.

ധനസഹായം നല്‍കേണ്ട 70,000 ത്തോളം അപേക്ഷകളില്‍ 7,142 അപേക്ഷകര്‍ നൽകിയിരിക്കുന്ന വിവരങ്ങളില്‍ കൃത്യതയില്ല. ചില അപേക്ഷകളില്‍ അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിവരങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. ഇതു വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തിരുത്തലുകള്‍ വരുത്തി എത്രയും  വേഗത്തില്‍ ധനസഹായവിതരണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.