കേരള-കർണാടക അതിർത്തി അടച്ച വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Tuesday, April 7, 2020

കേരള-കർണാടക അതിർത്തി അടച്ച വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രോഗികളുമായി പോകുന്ന വാഹനങ്ങൾ കടത്തി വിടാൻ ദേശീയപാത തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി വിധി  ചോദ്യം ചെയ്ത് കർണാടക നൽകിയ ഹർജി, അതിർത്തി അടച്ചതിനെതിരെ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
വിഷയത്തിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.

അതിർത്തി അടച്ച വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രതികരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് കർണാടക മണ്ണിട്ട് റോഡ് തടസപ്പെടുത്തിയത്. വിവിധ തലങ്ങളില്‍ നടന്ന ചർച്ചകള്‍ വിജയം കാണാതായതോടെയാണ് വിഷയം സുപ്രീംകോടതിയ്ക്ക് മുമ്പാകെ എത്തിയത്. സംസ്ഥാന അതിർത്തി കടന്നുള്ള യാത്ര നിരോധിച്ച കർണാടക സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ദേശീയപാതയിലെ തടസ്സം മാറ്റേണ്ടതു കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

അതിർത്തി നിയന്ത്രിത തോതിൽ തുറക്കുന്നതിനു മാർഗരേഖ തയാറാക്കാൻ സുപ്രീം കോടതി കഴിഞ്ഞ 3നു നിർദേശിച്ചിരുന്നു. കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയും 2 സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും ചർച്ച നടത്തി മാർഗരേഖ തയാറാക്കാനായിരുന്നു നിർദേശം. ചികിൽസാവശ്യങ്ങൾക്കായി യാത്ര അനുവദിക്കുന്നതിനു ധാരണയായെന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിലും തീരുമാനം ആയിട്ടില്ല. അവശ്യസാധനങ്ങളുടെ നീക്കം തടയുന്നതും സത്യവാങ്മൂലത്തിൽ കേരളം ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും ഇതുവരെയും ധാരണ ആയിട്ടില്ല.

കേരള-കണ്ണാടക തലപാടി അതിർത്തിയിൽ വിദഗ്ധ ചികിത്സ വേണ്ടി വരുന്ന രോഗികളെ കടത്തിവിടുമെന്നാണ് കേരള മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കർണ്ണാടക സർക്കാരിന്‍റെ ഡോക്ടർമാരും സംഘവും അതിർത്തിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള യാതൊരുവിധ ക്രമീകരണങ്ങളും ചെക്ക് പോസിൽ ഇല്ല കുടാതെ കേരള റജിസ്ട്രേഷൻ വാഹനങ്ങളൊന്നും ഒന്നും കടത്തിവിടുന്നുമില്ല. കേരളത്തിൽ നിന്നും ഉള്ള മാധ്യമങ്ങളെയും അകറ്റി നിർത്തുന്നു.