കെ.സുധാകരൻ എം.പിയുടെ ഇടപെടല്‍; അഹമ്മദാബാദിൽ കുടുങ്ങിയ ഡ്രൈവർമാരുടെ സംഘം കേരളത്തിലേക്ക് യാത്രതിരിച്ചു

Jaihind News Bureau
Friday, March 27, 2020

ന്യൂഡല്‍ഹി:  കേരളത്തിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ ലോറി ഡ്രൈവർമാർ അവിടെ  അസ്ലാലി എന്ന സ്ഥലത്ത് ലോക്ഡൗൺ പ്രഖ്യാപനത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്ന പ്രയാസത്തിന് കെ.സുധാകരൻ എം.പിയുടെ ഇടപെടൽ മൂലം പരിഹാരമായി. ഇന്നലെ രാവിലെ മുതൽ തുടർച്ചയായ എട്ട് മണിക്കൂറോളം ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി കെ.സുധാകരൻ എം.പി ഇടപെട്ട് ഡ്രൈവർമാരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള പ്രയത്നത്തിലായിരുന്നു.

ചരക്കുമായി പോയ ലോറികൾ അവിടെ കുടുങ്ങിയ സാഹചര്യത്തിൽ ഡ്രൈവർമാർക്ക്
ഭക്ഷണം, വസ്ത്രം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ ഒക്കെ കിട്ടാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഡ്രൈവർമാരുടെ ടീം ലീഡർ നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ സ്വദേശി സിനി മോൻ കെ.സുധാകരൻ എം.പിയുമായി ബന്ധപ്പെടുകയും പ്രയാസങ്ങൾ അറിയിക്കുകയുമായിരുന്നു.

ഡ്രൈവർമാരുടെ ബുദ്ധിമുട്ട് ഗുജറാത്ത് ചീഫ് സെക്രട്ടറി അനിൽ മുഖിംങ്ങിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ഗുജറാത്ത് ഡി.ജി.പിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഈ സംഘത്തെ സുരക്ഷിതമായി ഗുജറാത്ത് ബോർഡർ കടത്തിവിടുന്നതിന് ആവശ്യമായ അനുമതി നല്‍കാന്‍ അഭ്യർത്ഥിക്കുകയും ചെയ്തു.

തുടർന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ്മെഹ്തായുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വിവിധ ജില്ലാ കളക്ടർമാരുമായി ഇവരുടെ യാത്രകൾക്ക് വേണ്ട അനുമതിക്ക് വേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തു.

കെ.സുധാകരൻ എം.പിയുടെ ഇടപെടലിന്‍റെ ഫലമായി അഹമ്മദാബാദിലെ അസ്ലാലയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിന് അനുമതി ലഭ്യമാവുകയും ഡ്രൈവർമാരുടെ സംഘം അഞ്ച് വാഹനങ്ങളില്‍ ഒരുമിച്ച് അവിടെനിന്നും ഇന്നലെ രാത്രി 11.30 ന് യാത്ര തിരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ കൂടി ഈ സംഘം സഞ്ചരിക്കുന്ന ഓരോ ജില്ലകളിലേയും കളക്ടർമാരോട് യാത്രാ അനുമതി നല്‍കുന്ന തിനായി നേരത്തെ തന്നെ എംപിയുടെ ഓഫീസ് ജില്ലാ കളക്ടർമാരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഏർപ്പെടുത്തി കൃത്യമായി മലയാളികളെ തിരിച്ച് നാട്ടിലേക്ക് എത്തിക്കുവാൻ വേണ്ടിയുള്ള എല്ലാ ഔദ്യോഗിക നടപടികളും തീരുമാനമാക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ദിവസമായി ഏറെ മാനസിക സംഘർഷത്തിലായ സംഘം കേരളത്തിലേക്ക് മടങ്ങുന്നതിന് അനുമതി ലഭ്യമായതോടെ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്ന് ഡ്രൈവർമാരുടെ സംഘത്തിന്‍റെ കാര്യങ്ങൾ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സിനിമോൻ പറഞ്ഞു.