ന്യൂഡൽഹി : നിര്‍ഭയ കേസില്‍ കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. നേരത്തെ പ്രതികളിൽ മൂന്ന് പേർ സമർപ്പിച്ച ദയാഹർജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതിയും തിരസ്കരിച്ചു. ഇതോടെയാണ് പുതിയ മരണ വാറണ്ട് കോടതി പുറപ്പെടുവിച്ചത്. മാർച്ച് മൂന്ന് രാവിലെ ആറ് മണിക്ക് പ്രികളുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്
ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിയാണ് വിചാരണ കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരുടെ ദയാഹർജികളാണ് രാഷ്ട്രപതി തള്ളിയത്. പ്രതികളിലൊരാളായ പവൻ ഗുപ്ത ദയാഹർജി നൽകിയിട്ടില്ല. ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളുടെ അപ്പീലിൽ 6 മാസത്തിനുള്ളിൽ വാദം ആരംഭിക്കണമെന്നു സുപ്രീം കോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.
നേരത്തെ ഫെബ്രുവരി 1 നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് ഇത് വീണ്ടും നീട്ടിയത്. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. 2012 ഡിസംബര്‍ 16 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ആറു പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയും മാരകമായി പരിക്കേല്പിക്കുകയുമായിരുന്നു. പിന്നീട് ദിവസങ്ങളോളം മരണത്തോട് മല്ലിട്ട കുട്ടി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.