ന്യൂഡല്‍ഹി : നിർഭയ കേസിൽ വധശിക്ഷ സ്റ്റേ ചെയ്തതിനെതിരെ തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ പ്രത്യേക സിറ്റിംഗ് നടത്തും. നാല് പ്രതികൾക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. തിഹാർ ജയിൽ അധികൃതർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മരണ വാറണ്ട് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി വിധിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സ്റ്റേ ഒഴിവാക്കണമെന്നും വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പ്രതികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനിരിക്കെയാണ് വിചാരണ കോടതി മരണ വാറന്‍ഡ് സ്റ്റേ ചെയ്തത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. എല്ലാ പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റണമെന്നില്ലെന്നും സർക്കാർ നിലപാടറിയിച്ചു.
നിർഭയ കേസിൽ പ്രതി വിനയ് കുമാര്‍ ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു. മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ മുകേഷ് സിംഗിന്റെ ദയാഹർജി നേരത്തെ തള്ളിയിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇനി പിഴവ് തിരുത്തൽ ഹർജി സമർപ്പിക്കാനുണ്ട്.
വിനയ് ശർമ ഒഴികെ 3 പ്രതികളെ ഇന്ന് തൂക്കിലേറ്റാമെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചെങ്കിലും കോടതി നിരസിച്ചു. ഒരേ സമയത്ത് ചെയ്ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ച് ശിക്ഷ നൽകിയാൽ മതിയെന്ന സുപ്രീം കോടതി വിധി പട്യാല ഹൗസ് കോടതി കണക്കിലെടുക്കുകയായിരുന്നു. ദയാഹർജികൾ തള്ളിയാലും 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാനാവൂ.