സ്വകാര്യ കൺസൾട്ടൻസിയുടെ മറവിൽ വീണ്ടും ഖജനാവ് കൊള്ളയടിക്കാന്‍ വഴിയൊരുക്കി സർക്കാർ

Jaihind News Bureau
Saturday, October 12, 2019

ലൈഫ് പദ്ധതിക്ക് വേണ്ടി കൺസൾട്ടൻസി കമ്പനിയെ നിയമിച്ച സർക്കാർ നടപടി കൂടുതൽ വിവാദത്തിലേക്ക്. സർക്കാർ ഏജൻസികളെ മറി കടന്നാണ് ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയത്. പ്രളയക്കെടുതിക്ക് ഇടയിലും സർക്കാർ തുടരുന്ന ധൂർത്തിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഈ നടപടി.

ചെന്നൈ ആസ്ഥാനമായ കമ്പനിയെ ലൈഫ് പദ്ധതിയുടെ കണ്‍സള്‍ട്ടണ്‍സി ഏല്‍പ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിലവിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ഭവന നിർമാണ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. കൺസൾട്ടസി എന്ന മറവിൽ സ്വകാര്യ ഏജൻസിയ്ക്ക് 8.8 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

  

സംസ്ഥാന സർക്കാരിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും എഞ്ചിനീയറിംഗ് വിഭാഗത്തെ മറികടന്നാണ് സ്വകാര്യ ഏജൻസിയ്ക്ക് വഴിവിട്ട സഹായം നൽകുന്നത്. പൊതുമരാമത്ത് വകുപ്പിലും കെട്ടിട നിർമാണ വിഭാഗത്തിലുമായി വിദഗ്ധരും അനുഭവ സമ്പത്തുള്ളവരുമായ നൂറ് കണക്കിന് എൻജിനിയർമാരെ നോക്കുകുത്തിയാക്കി കൊണ്ടാണ് അഴിമതിക്ക് കളമൊരുക്കുന്നത്.

പ്രളയത്തിൽ വീട് തകർന്നവർക്ക് ഒരു വീടിന് നാല് ലക്ഷം രൂപ മാത്രം സഹായമായി സർക്കാർ അനുവദിക്കുമ്പോഴാണ് 8.8 കോടി രൂപ എന്ന ഭീമമായ തുക പ്രോജക്ട് കൺസൾട്ടൻസിക്ക് അനുവദിക്കുന്നത്. ഭവനരഹിതർക്ക് 220 വീടുകൾ നിർമിച്ചു നൽകുന്നതിന് തുല്യമായ തുകയാണ് സ്വകാര്യ കമ്പനിക്ക് നൽകുന്നത്. സ്വകാര്യ കമ്പനിക്ക് ഇത്രയും വലിയ തുക കൈമാറുന്ന നടപടി പിൻവലിച്ചു ഈ തുക പാവപ്പെട്ടവർക്ക് വീട് വച്ചുകൊടുക്കാൻ നൽകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമായി ഉയരുകയാണ്.