എക്‌സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

Jaihind News Bureau
Monday, October 7, 2019

കഞ്ചാവുമായി പിടിയിലായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് നിയമോപദേശം. എട്ട് പേരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. യുവാവിനെ തല്ലിച്ചതച്ചത് രണ്ട് പേരാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണിത് തീരുമാനം.

ഇവർ പ്രിവന്‍റീവ് ഓഫീസറും സിവിൽ ഓഫീസറുമാണെന്നാണ് സൂചന. അതേസമയം, ആരോപണ വിധേയർ ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അവരുടെ വീടുകളിൽ അന്വേഷണസംഘം നോട്ടീസ് പതിച്ചെങ്കിലും ആരും ഹാജരായില്ല. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തയ്യാറായിട്ടില്ലെന്ന ആരോപണവും ശക്തമാണ്. സംഘത്തിലുണ്ടായിരുന്ന ഡ്രൈവറെ സാക്ഷിയാക്കിയാവും കേസ് ഫയൽ തയ്യാറാക്കുക. ഒരാൾ മാപ്പ് സാക്ഷിയായേക്കും. ശനിയാഴ്ച രാത്രിയിലും സംഭവത്തിലെ സാക്ഷികളെന്ന മട്ടിൽ എക്സൈസ് അവതരിപ്പിച്ചവരിൽ നിന്ന് വിവരം ശേഖരിക്കുകയായിരുന്നു പൊലീസ്.

മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് ആണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്.  ഗുരുവായൂരിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന പ്രാഥമിക വിലയിരുത്തലിൽ തന്നെയാണ് പൊലീസും.  കഞ്ചാവ് കണ്ടെടുത്തതിൽ വ്യക്തതയില്ല. പിടികൂടുമ്പോൾ രണ്ട് കിലോ കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നും സംശയമുണ്ട്.  കൂടുതലുള്ളത് കണ്ടെത്താനായിരുന്നു പാവറട്ടിയിലെ ഷാപ്പ് ഗോഡൗണിലെത്തിച്ചുള്ള മർദ്ദനമെന്നാണ് നിഗമനം.  ഈ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തി മർദ്ദനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം പ്രതികൾ പിടിയിലാകുമെന്നാണ് പൊലീസിന്‍റെ വിശദീകരണം. മാത്രമല്ല നാല് ദിവസം പിന്നിട്ടിട്ടും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നതും, പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുവെന്നതും, പ്രതികൾക്ക് മുൻകൂർ ജാമ്യപേക്ഷ നൽകുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നുവെന്നതും ശക്തമായ ആരോപണങ്ങളാണ്