ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് എൻഡിഎയിൽ ഭിന്നത രൂക്ഷം

Jaihind News Bureau
Thursday, September 26, 2019

ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ എൻഡിഎ മുന്നണിയിൽ ഭിന്നത രൂക്ഷമായി. അരൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ആലപ്പുഴയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനം. ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പുതിയ സമ്മർദ്ദതന്ത്രവുമായി ബിഡിജെഎസ് രംഗത്തെത്തിയത്. അതേസമയം എൻഡിഎ മുന്നണി സംവിധാനം ശക്തമല്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിഡിജെഎസ് കടുത്ത നിലപാടുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ അഞ്ചു നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻഡിഎ മുന്നണിയിൽ പാർട്ടിക്ക് അനുവദിച്ച അരൂർ സീറ്റിൽ മത്സരിക്കേണ്ട എന്ന തീരുമാനമാണ് സംസ്ഥാന കൌൺസിൽ യോഗത്തിൽ ഉയർന്നത്.

ഘടകകക്ഷി എന്ന നിലയിൽ എൻഡിഎയിൽ നിന്ന് അർഹമായ പരിഗണന ലഭിക്കാത്തതിനാലാണ് ബിഡിജെഎസ് ഇത്തരത്തിലൊരു സമ്മർദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. അതേസമയം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപി തയ്യാറായില്ലെങ്കിൽ മുന്നണി വിടുന്നതുൾപ്പടെയുള്ള കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ ബിഡിജെഎസ് തയ്യാറെടുക്കുന്നു എന്നും സൂചനയുണ്ട്. കേരളത്തിൽ എൻഡിഎയുടെ മുന്നണിയുടെ സംഘടനാ സംവിധാനം ശക്തമല്ലെന്നും ഇതിന് പരിഹാരം കാണാതെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ്‌ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ശേഷം മത്സരിക്കുന്ന കാര്യത്തിലുൾപ്പടെ അന്തിമ തീരുമാനമെടുക്കുമെന്നും തുഷാർ വ്യക്തമാക്കി. അതേസമയം ചെക്ക് കേസുമായി ബന്ധപ്പെട്ട് തുഷാർ വെളളാപ്പളളി ഗൾഫിലെ ജയിലിലായപ്പോൾ ബിജെപി നേതാക്കൾ തിരിഞ്ഞു നോക്കിയില്ലെന്ന അതൃപ്തിയും ബിഡിജെഎസിനുണ്ട്.

https://www.youtube.com/watch?v=AynZrMz0EGw