ചിദംബരത്തിനെതിരെ ഒരു ബാങ്ക് രേഖയെങ്കിലും തെളിവായി ഹാജരാക്കൂ; വെല്ലുവിളിച്ച് കപില്‍ സിബല്‍

Monday, August 26, 2019

എ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് പി. ചിദംബരത്തിന്റെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. പി. ചിദംബരത്തിനെതിരെ ഒരു ബാങ്ക് അക്കൗണ്ട് രേഖയെങ്കിലും ഹാജരാക്കൂവെന്നാണ് കപില്‍ സിബലിന്റെ വെല്ലുവിളി. മാധ്യമവിചാരണയാണ് ഇപ്പോള്‍ പി. ചിദംബരവുമായി ബന്ധപ്പെട്ട് നടക്കുന്നത്. അദ്ദേഹത്തിനെതിരെ എന്തെങ്കിലും രേഖകള്‍ ലഭ്യമാണെങ്കില്‍ എന്തുകൊണ്ടാണത് ഹാജരാക്കാത്തത്. എന്തുകൊണ്ടാണ് സീല്‍ ചെയ്ത കവറില്‍ അവര്‍ രേഖകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജാരാക്കിയതെന്നും കപില്‍ സിബല്‍ ചോദിച്ചു.

ട്വിറ്റര്‍ അക്കൗണ്ടുണ്ടോയെന്നൊക്കെയാണ് സി.ബി.ഐ ചിദംബരത്തോട് ചോദിക്കുന്നത്. എന്തുതരം ചോദ്യം ചെയ്യലാണിത്. 26 മണിക്കൂറിലെ പരിശോധനയ്ക്കുശേഷവും അദ്ദേഹത്തില്‍ നിന്ന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റില്‍ നിന്നും തിങ്കളാഴ്ചവരെ ചിദംബരത്തിന് കോടതി സംരക്ഷണം നല്‍കിയിരുന്നു. നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ് ചിദംബരം.