സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍.എസ്.എസ് വീണ്ടും

Saturday, June 29, 2019

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്. മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍റെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നും സര്‍ക്കാരിന് മുന്നാക്ക സമുദായങ്ങളോട് അവഗണനയാണെന്നും എന്‍.എസ്.എസ് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ തയാറാകാത്തത് വിവേചനമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

മുന്നാക്ക സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള മംഗല്യസമുന്നതി പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പാ പദ്ധതി, തൊഴില്‍ പരിശീലനം, ഭവന വായ്പ തുടങ്ങിയവ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ല എന്നാണ് ആരോപണം. മുന്നാക്ക സമുദായ കോര്‍പറേഷന് ഫണ്ടും ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നല്‍കുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം നടപ്പാക്കാത്തത് മുന്നാക്ക സമുദായങ്ങളോടുള്ള വിവേചനവും അവഗണനയുമാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. മുന്നാക്ക സമുദായ കമ്മീഷന്‍റെ കാലാവധി നീട്ടി നല്‍കുകയോ പുതിയ കമ്മീഷനെ നിയോഗിക്കുകയോ വേണമെന്ന് എന്‍.എസ്.എസ് വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.