ക്രിമിനൽ കേസ് പ്രതികളായ പൊലീസുദ്യോഗസ്ഥർക്കെതിരായ നടപടികളുടെ വിശദാംശം അറിയിക്കണം

Jaihind Webdesk
Tuesday, June 25, 2019

Kerala-Police-4

ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
1129 പൊലീസുദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേരള പൊലീസ് ആക്ടിലെ സെക്ഷൻ 86 അനുസരിച്ച് നടപടിയെടുക്കാൻ കമ്മിഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

2018 ഏപ്രിൽ 12 ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നിർദ്ദേശം. പൊലീസ് മേധാവി 2018 ജൂൺ 30 ന് കമ്മിഷനിൽ ഇതിനുള്ള വിശദീകരണം സമർപ്പിച്ചു. സ്റ്റേഷനുകളിൽ നിന്ന് പൊലീസുദ്യോഗസ്ഥർ പ്രതികളായ കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്ന് വിശദീകരണത്തിൽ പറയുന്നു.

പൊലീസുകാർക്കെതിരെ ക്രിമിനൽ കേസുകൾ അവലോകനം ചെയ്ത് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് മേധാവി ചെയർമാനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനപ്രകാരം എൻ ആർ ഐ സെൽ എസ് പിയെ വിവരങ്ങൾ ശേഖരിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അതേക്കുറിച്ച് കമ്മീഷനെ അറിയിക്കാമെന്നും റിപ്പോർട്ടിലുണ്ട്. ഇതിനുവേണ്ടി രണ്ടു മാസത്തെ കാലയളവും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും , സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടത്.