യുഎസിന്‍റെ സൈനിക ഡ്രോൺ വെടിവച്ചുവീഴ്ത്തിയ ഇറാൻ വലിയ തെറ്റാണു ചെയ്തിരിക്കുന്നതെന്നു ഡൊനാൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡൊനാൾഡ് ട്രംപിന്‍റെ പ്രതികരണം.
Iran made a very big mistake!
— Donald J. Trump (@realDonaldTrump) June 20, 2019
ഇറാൻ സമയം വ്യാഴാഴ്ച രാവിലെ നാലിനാണ് ഡ്രോൺ വീണത്. സംഭവം നടന്നയുടൻ തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, മൈക്ക് പോംപിയോ തുടങ്ങിയവരുമായി ട്രംപ് ചർച്ച നടത്തി. ഗൾഫ് മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ബോൾട്ടൻ ഉടൻ ഇസ്രയേലിലേക്ക് പോകും.
ഇതേസമയം അന്തർദേശീയ വ്യോമാതിർത്തിയിൽ വച്ചാണ് ഡ്രോണിനു മിസൈൽ ഏറ്റതെന്ന് അമേരിക്കൻ നിലപാട് തള്ളി ഇറാൻ വിദേശകാര്യമന്ത്രി സരീഫ് പറഞ്ഞു. പ്രശ്‌നം യുഎന്നിൻറെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തുമൈൽ ഉയരത്തിൽ വരെ പറക്കാൻ കഴിവുള്ളതും 24 മണിക്കൂർ തുടർച്ചയായി ആകാശത്തു തുടരാൻ സാധിക്കുന്നതുമായ ഇനം ഡ്രോണാണ് ഇറാൻ വീഴ്ത്തിയ ആർക്യൂ4 ഗ്ലോബൽ ഹ്വാക്ക്. ഒരെണ്ണത്തിൻറെ വില പത്തുകോടി ഡോളറാണ്.