പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അസോസിയേഷന്‍ ഇടപെട്ടതായും സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി ഉള്‍പ്പെടെയുള്ള പരാതികളും ജില്ലാ നോഡല്‍ ഓഫീസര്‍മാരുടെ വീഴ്ചയും അന്വേഷിക്കണം. ഒരു പോലീസുദ്യോഗസ്ഥനെതിരെ നടപടിക്കും നാല് പേര്‍ക്കെതിരെ അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചു. പോലീസ് അസോസിയേഷന്‍റെ ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മേയ് 15 നകം നൽകാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി.
പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പോലീസ് ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്‍റ് സെർവന്‍റ്സ് കോണ്ടക്ട് ചട്ടപ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.