പോലീസ് അസോസിയേഷൻ പോസ്റ്റൽ വോട്ടിൽ ഇടപ്പെട്ടതിന് സ്ഥിരീകരണം

Jaihind Webdesk
Monday, May 6, 2019

പോലീസ് അസോസിയേഷൻ പോസ്റ്റൽ വോട്ടിൽ ഇടപ്പെട്ടതിന് സ്ഥിരീകരണം. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്  ഇന്‍റിലിജൻസ് മേധാവി ഡിജിപിക്ക് കൈമാറി. ബാലറ്റുകൾ ശേഖരിക്കാൻ ഇടപെടലുകൾ ഉണ്ടായെന്ന് റിപ്പോർട്ടില്‍ പറയുന്നതായാണ് സൂചന.

തെരെഞ്ഞെടുപ്പു ജോലികൾക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടുകളിൽ ക്രമേക്കേട് സ്ഥിരീകരിച്ചാണ് ഇന്റലിജൻസ് മേധാവി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വട്ടപ്പാറയിൽ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച ഉദ്യോഗസ്ഥനും ബാലറ്റുകൾ നൽകണമെന്ന് കാട്ടി വാട്‌സ് അപ് ഗ്രൂപ്പിൽ സന്ദേശമിട്ട ഉദ്യോഗസ്ഥനുമെതിരെയാണ് നടപടിക്ക് ശുപാർശയുള്ളത്.

വോട്ട് ചെയ്യുന്നതിനു മുമ്പും ശേഷവും അസോസിയേഷന്‍റെ കൈ കടത്തലുണ്ടായെന്നാണ് റിപ്പോർട്ടിൽ സ്ഥിരീകരണമുള്ളത്. പോസ്റ്റൽ വോട്ടുകൾ ശേഖരിക്കാൻ അസോസിയേഷൻ ഇടപെട്ടെന്നും സ്ഥലം മാറ്റ ഭീഷണിയടക്കം നിലനിൽക്കുന്നതിനാൽ പലരും അന്വേഷണത്തോട് വേണ്ടവിധത്തിൽ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണം. പൊലീസ് അസോസിയേഷൻ നേതാക്കൾക്കെതിരെ റിപ്പോർട്ടിൽ പരാമർശമില്ല. ഏറെ വിവാദമായ പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞതോടെ ഇടതു പക്ഷ പിന്തുണയുള്ള പൊലീസ് അസോസിയേഷനും സി.പി.എമ്മും സർക്കാരും കൂടുതൽ വെട്ടിലായി. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി മുഖ്യ തെരെഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നൽകിയാൽ വിഷയത്തിലും കൂടുതൽ പ്രതിരോധത്തിലാവുന്നത് സി.പി.എമ്മാവുമെന്നതിലും സംശയമില്ല